ശബരിമലയും, നവോത്ഥാനവും ഉൾപ്പെടെയുള്ള സമകാലിക വിഷയങ്ങൾ പ്രത്യേകം പരാമർശിച്ച ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്. ശബരിമലയിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കാൻ 141 കോടിയും ശബരിമല റോഡുകൾക്ക് 200 കോടിയും അനുവദിച്ചു. എല്ലാ ജില്ലകളിലും നവോത്ഥാന മതിലുകൾ സൃഷ്ടിക്കും. സ്ത്രീ ശാക്തീകരണ പ്രവർത്തകക്ക് സംസ്ഥാന അവാർഡും ബജറ്റിൽ പ്രഖ്യാപിച്ചു.
ശബരിമലയ്ക്കും, ദേവസ്വം ബോർഡിനും പ്രത്യേക പരിഗണനയാണ് ബജറ്റിൽ സർക്കാർ നൽകിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപയുടെ പ്രത്യേക സഹായം പ്രഖ്യാപിച്ചു. നിലയ്ക്കലും, പമ്പയിലും, ആധുനിക സംവിധാനങ്ങൾ ഒരുക്കുന്നതിന് കിഫ്ബി മുഖേന 141 കോടി രൂപ അനുവദിക്കും, ശബരിമലയിലേക്കുള്ള റോഡ് നിർമ്മാണത്തിനായി 200 കോടി രൂപയും ബജറ്റിൽ വകയിരുത്തി. മൊത്തം 739 കോടി രൂപയാണ് ശബരിമലയ്ക്കായി സർക്കാർ ചെലവഴിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം, എല്ലാ ജില്ലകളിലും നവോത്ഥാന മതിൽ, സ്ത്രീ ശാക്തീകരണ പ്രവർത്തകയ്ക്ക് ദാക്ഷായണി വേലായുധൻ അവാർഡ് എന്നിവയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി 1420 കോടിയും ബജറ്റിൽ വകയിരുത്തി. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 3500 കോടിയുടെ ബാങ്ക് വായ്പയും, കടക്കെണിയിൽപെട്ട കുടുംബശ്രീ സംഘങ്ങൾക്ക് 20 കോടിയുടെ പുനരുദ്ധാരണ പദ്ധതിയും പ്രഖ്യാപിച്ചു.