India Kerala

സര്‍ക്കാര്‍ കൊടുക്കാനുള്ളത് 200 കോടി; പാഠപുസ്തക പ്രിന്റിങ് നിര്‍ത്തിവെക്കാനൊരുങ്ങി കെ.ബി.പി.എസ്‌

കുടിശ്ശിക നല്‍കിയില്ലെങ്കില്‍ പാഠപുസ്തക അച്ചടി നിര്‍ത്തിവേക്കേണ്ടിവരുമെന്ന് കെബിപിഎസ്. 148 കോടി ലഭിക്കാനുണ്ടെന്ന് കെബിപിഎസ് എം ഡി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും കത്ത് നല്‍കി.

സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി നടക്കുന്ന കേരള ബുക്ക് ആന്റ് പബ്ലിഷിങ് സൊസൈറ്റിയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രിന്റിങ്ങിനുള്ള തുകയും കഴിഞ്ഞ വര്‍ഷത്തെ പേപ്പറിന്റെ ചിലവുമടക്കമാണ് 148 കോടി രൂപയുടെ കുടശ്ശിക വന്നത്. ഈ വര്‍ഷത്തെ പാഠപുസ്തക അച്ചടി തുടങ്ങിയത് കെ ബി പി എസ് സ്വന്തം ഫണ്ടില്‍ നിന്ന് സാമഗ്രികള്‍ വാങ്ങിയാണ്. ഈ സാഹചര്യത്തില്‍ കുടിശ്ശിക നല്‍കിയില്ലെങ്കില്‍ പാഠുപുസ്തക അച്ചടി നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് കെ ബി പി എസ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലോട്ടറി വകുപ്പിന്റെ കുടശ്ശിക 60.95 കോടി രൂപയാണ്. മറ്റു വകുപ്പുകളുടെ കുടിശ്ശിക കൂടി കണക്കാക്കുമ്പോഴാണ് കുടിശ്ശിക 200 കോടി കഴിയുന്നത്.

സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണവുമാണ് വിദ്യാഭ്യാസം ഉള്‍പ്പെടെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പണം നല്‍കാന്‍ കഴിയാത്തതിന് കാരണമെന്ന വ്യക്തമാണ്. പാഠപുസ്തക അച്ചടി മുടങ്ങാതിരിക്കാനെങ്കിലും സര്‍ക്കാര്‍ പണം നല്‍കുമമെന്ന പ്രതീക്ഷയാണ് കെ ബി പി എസിനുള്ളത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ധനവകുപ്പ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കാര്‍ കെ ബി പി എസ് എംഡി കത്തയച്ചത്.