പള്ളി തർക്കത്തില്‍ യാക്കോബായ സഭ പ്രത്യക്ഷ സമരത്തിലേക്ക്. ആലപ്പുഴ കട്ടച്ചിറ പള്ളി തർക്കത്തിൽ ജില്ലാ ഭരണകൂടം ഓർത്തഡോക്സ് വിഭാഗത്തെ സഹായിച്ചുവെന്നാരോപിച്ചാണ് യാക്കോബായ സഭ സമരത്തിലേക്ക് നീങ്ങുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ നീക്കം ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയടക്കം ഭാഗത്ത് നിന്നുണ്ടാകുന്നു എന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആരോപണം.
ഓർത്തഡോക്സ് യാക്കോബായ തർക്കം നിലനിൽക്കുന്ന പള്ളികളിൽ സുപ്രിം കോടതി വിധികളിൽ പോലും നിലവിലെ സ്ഥിതി തുടരാനാവശ്യമായ നടപടികളായിരുന്നു സർക്കാർ സ്വീകരിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തത്തോടെ ചിലയിടങ്ങളിൽ ഓർത്തഡോക്സ് വിഭാഗത്തിനനുകൂലമായ നീക്കം നടത്തുന്നുവെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആരോപണം. ആലപ്പുഴ കട്ടച്ചിറ പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം അതിക്രമിച്ചു കടക്കുകയും പളളിക്കുള്ളിൽ അക്രമം നടത്തുകയും ചെയ്തപ്പോൾ പൊലീസ് കൂട്ടുനിന്നു.
ജില്ലാ ഭരണകൂടവും അക്രമികൾക്കൊപ്പമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ നീക്കത്തിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചതെന്നാണ് യാക്കോബായ സഭ നേതൃത്വം പറയുന്നത്. കോട്ടയം തിരുനക്കരയിൽ സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത ഉപവാസമനുഷ്ഠിക്കും. സർക്കാർ നീതി നടപ്പിലാക്കാത്ത പക്ഷം പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സഭ വ്യക്തമാക്കി. സർക്കാർ വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ചകളടക്കം ബഹിഷ്കരിച്ച ഓർത്തഡോക്സ് വിഭാഗത്തിനനുകൂലമായ നീക്കം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന വിമർശവും സഭ നേതൃത്വം ഉന്നയിക്കുന്നുണ്ട്.