India Kerala

കാസർകോട് കോട്ട തകര്‍ച്ചാഭീഷണിയില്‍; തിരിഞ്ഞു നോക്കാതെ അധികൃതര്‍

കാസര്‍ഗോഡ് ജില്ലയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ കാസർകോട് കോട്ട തകര്‍ച്ചാഭീഷണിയില്‍. കനത്ത മഴക്കു പിന്നാലെ കോട്ടയുടെ നിരീക്ഷണ ഗോപുരത്തിലൊന്ന് ഭാഗികമായി തകര്‍ന്നു. കോട്ട കാലങ്ങളായി കാട് പിടിച്ച് കിടക്കുന്ന അവസ്ഥയിലുമാണ്. സംരക്ഷിക്കാനുള്ള നടപടികളൊന്നും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികളും പറയുന്നു. കാസര്‍കോട് ജില്ലയിലെ ഏറ്റവും പഴക്കമുള്ള ചരിത്രസ്മാരകങ്ങളിലൊന്നാണ് തായലങ്ങാടിയിലെ കാസര്‍കോട് കോട്ട.

അഞ്ഞൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കോട്ടയുടെ സംരക്ഷണത്തിനായി നാളിതുവരെ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. നേരത്തെ സ്വകാര്യ വ്യക്തിക്ക് കോട്ട വില്‍പ്പന നടത്തിയ സംഭവം വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കോട്ടയുള്‍പ്പെടുന്ന ഭൂമി തിരിച്ചു പിടിച്ചിരുന്നു. എന്നാലും കോട്ട സംരക്ഷണത്തിനുള്ള ഒരു നടപടിയും ഇത് വരെയും സ്വീകരിച്ചിട്ടില്ല. ഓരോ കാലവര്‍ഷത്തിലും കോട്ടയുടെ ഭാഗങ്ങള്‍ തകര്‍ന്നു വീഴുക പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കോട്ടയുടെ താഴെയായി ചുറ്റും നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്.

കാലപ്പഴക്കത്തെ തുടര്‍ന്ന് കോട്ട തകര്‍ന്നു തുടങ്ങിയതോടെ വലിയ ഭീതിയിലാണ് പ്രദേശവാസികള്‍. കോട്ടകളുടെ നാട്ടില്‍ സ്ഥിതി ചെയ്യുന്ന എല്ലാ കോട്ടകള്‍ക്കും അധികൃതരുടെ ഭാഗത്ത് നിന്നും ഒരേ പരിഗണന ലഭിക്കുന്നില്ല. പലതും കാട് മൂടി നാശത്തിന്‍റെ വക്കിലാണ് , ജില്ലയിലെ പ്രശസ്തമായ ബേക്കല്‍ കോട്ടയുടെ നിരീക്ഷണ ഗോപുരങ്ങളിലൊന്ന് കനത്ത മഴയെത്തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് തകര്‍ന്നിരുന്നു.