India Kerala

കാസര്‍കോട്കോണ്‍ഗസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആര്‍

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് എഫ്.ഐ.ആര്‍. പ്രാദേശിക സി.പി.എം നേതൃത്വത്തില്‍ നിന്ന് കൃപേഷിന് നേരത്തെയും വധഭീഷണിയുണ്ടായിരുന്നതായി ബന്ധു പറഞ്ഞു. അയല്‍ ജില്ലകളിലെ രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാരും പറഞ്ഞു. കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും. ക്രൈം ഡിറ്റാച്മെന്റ് ഡി.വൈ.എസ്.പി പ്രദീപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. അന്വേഷണ പുരോഗതി വിലയിരുത്താന്‍ കണ്ണൂര്‍ റേഞ്ച് ഐ.ജി കാസര്‍കോട് എത്തും. ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

ആക്രമണത്തില്‍ കൃപേഷിന്‍റെ തലച്ചോര്‍ പിളര്‍ന്നുവെന്നും ശരത്തിന് 15 വെട്ടേറ്റെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൃപേഷിന്റെ മരണ കാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവാണെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരത്തിന്റെ ശരീരത്തില്‍ 15 വെട്ടുകള്‍. മുട്ടിന് താഴെ മാത്രം 5 വെട്ടുകള്‍. ഇടത് നെറ്റി മുതൽ പിന്നിലേക്ക് 23 സെ.മി നീളത്തിൽ മുറിവുണ്ട്. ശരത്തിന്റെ വലത് ചെവി മുതല്‍ കഴുത്ത് വരെ നീളുന്ന മുറിവ് മരണകാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊലപാതകത്തില്‍‌ പ്രതിഷേധിച്ച് കാസർകോട് ജില്ലയില്‍ യു.ഡി.എഫ് ഹർത്താല്‍ ആചരിക്കുകയാണ്. സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലും പുരോഗമിക്കുകയാണ്. പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു.

പ്രദേശത്തെ പെരുങ്കളിയാട്ടത്തിന്റെ സംഘാടക സമിതി യോഗം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇരുവരും കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കവേ ജീപ്പിലെത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടുകയായിരുന്നു, കൃപേഷ് ആശുപത്രിയിലെത്തും മുന്‍പ് തന്നെ മരിച്ചു. ശരത് ലാലിനെ ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിയാരം മെഡിക്കല്‍ കോളജില്‍ ‍ പോസ്റ്റ് മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോൺഗ്രസ് നേതാക്കള്‍ ആരോപിച്ചു. നേരത്തെ കല്ല്യാട്ട് നടന്ന സി.പി.എം – കോൺഗ്രസ് സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണം ഉണ്ടായതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിക്കുന്നത്.