കാസർകോട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വർദ്ധിക്കുമ്പോഴും ജില്ലയിൽ മതിയായ ചികിത്സാ സൗകര്യം ഇല്ല.
കാസർകോട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വർദ്ധിക്കുമ്പോഴും ജില്ലയിൽ മതിയായ ചികിത്സാ സൗകര്യം ഇല്ല. കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച മെഡിക്കൽ കോളജിൽ ഉള്ളത് എഫ്.എൽ.ടി സി സംവിധാനം മാത്രം. ടാറ്റാ സ്ഥാപിച്ച കോവിഡ് ആശുപത്രിയും ഉദ്ഘാടനം ചെയ്തതല്ലാതെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.
ജില്ലയിൽ ദിവസവും ശരാശരി 150 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. കോവിഡ് ബാധിച്ചവരിൽ ഏറെയും മറ്റ് ഗുരുതരമായ അസുഖങ്ങളുള്ള സി കാറ്റഗറിയിൽ പെട്ടവരാണ്. ഈ രോഗികൾക്ക് ആവശ്യമായ വിദഗ്ധ ചികിത്സക്ക് ജില്ലയിൽ സൗകര്യങ്ങളില്ല. കാസർകോട് മെഡിക്കൽ കോളജിൽ കോവിഡ് ആശുപത്രി തുടങ്ങിയെങ്കിലും വെൻ്റിലേറ്റർ- ഐസിയു കെയർ ഉൾപ്പടെയുള്ള അത്യാധുനിക സൗകര്യങ്ങളും ഇനിയും ഏർപ്പെടുത്തിയില്ല. ഇത് കാരണം ഇവിടെ തീവ്രരോഗികളെ ചികിത്സിക്കാനാവുന്നില്ല.
200 ബെഡ് ഒരുക്കിയെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 50ൽ താഴെ രോഗികളെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളു. ഇവിടെ ആവശ്യത്തിന് ഡോക്ടർമാരും മറ്റു ജീവനക്കാരുമില്ല. മെഡിക്കൽ കോളജിൽ താത്കാലികമായി വിവിധ മെഡിക്കൽ കോളജിലെ പി.ജി ഡോക്ടർമാരെ നിയമിച്ചിരുന്നു. ഇവരിൽ 22 ഡോക്ടർമാരെ ജോലി ക്രമീകരണത്തിൻ്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റികൊണ്ട് ഉത്തരവിറങ്ങി. കൂടാതെ ജില്ലയ്ക്ക് അനുവദിച്ച സ്ഥിരം ഡോക്ടർമാരുടെ എണ്ണവും വെട്ടിക്കുറച്ചു.
ജില്ലക്ക് 39 പി.എസ്.സി നിയമനമാണ് അനുവദിച്ചിരുന്നത്. എന്നാൽ അത് 15ആയി ചുരുക്കി ഉത്തരവിറങ്ങി. ഇതിൽ 3 പേര് മാത്രമാണ് ജോലിയിൽ പ്രവേശിച്ചത്. ജില്ലയിൽ നിലവിൽ തന്നെ 60ൽ ഏറെ ഡോക്ടർമാരുടെ ഒഴിവുണ്ട്. ഇതിന് പുറമെ അനുവദിച്ച പോസ്റ്റും കൂടി പിൻവലിക്കുന്നതോടെ ജില്ലയിലെ ആരോഗ്യ മേഖല താറുമാറാവും.