India Kerala

കാരശ്ശേരി സ്കൂളില്‍ എച്ച് വണ്‍ എന്‍ വണ്‍

കോഴിക്കോട് കാരശ്ശേരി ആനയാം കുന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. പനി പടരുന്ന സാഹചര്യത്തിൽ സ്കൂളില്‍ മെഡിക്കല്‍ ക്യാമ്പ് നടക്കും. സ്കൂളിന് ഇന്നും നാളെയും അവധി നല്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്കൂളിലെ 42 കുട്ടികൾക്ക് പനി ബാധിച്ചത്. 5 ദിവസത്തിനിടെ 153 കുട്ടികൾക്കും 13 അധ്യാപകർക്കും പനി വന്നു. തുടര്‍ന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഏഴ് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചിരുന്നു. പരിശോധനയില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്. ഇന്ന് നടക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ പങ്കെടുക്കും. പനി ബാധിച്ചവരോടും അവരുടെ ബന്ധുക്കളോടും ക്യാമ്പുകളിലെത്താന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നു. ഗ്രാമപഞ്ചായത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അഡീഷണൽ ഡി.എം.ഒ ആശാ ദേവി, മെഡിക്കൽ ഓഫീസർ സജ്ന എന്നിവർ പരിശോധന നടത്തി. തൊട്ടടുത്ത ആനയാംകുന്ന് ഗവ. എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കും പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വായുവിലൂടെ പടരുന്ന രോഗമായതിനാല്‍ പനി പടരാതിരിക്കാന്‍ എല്‍ പി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം വരെയുള്ള ക്ലാസുകള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു.