India Kerala

കരമന ജയമാധവൻ നായരുടെ മരണം; നി‌ർണായക തെളിവ് പൊലീസിന് ലഭിച്ചു

കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് നി‌ർണായക തെളിവ് പൊലീസിന് ലഭിച്ചു. രക്തക്കറ പുരണ്ട തടി കഷ്ണം വീടിന്റെ പുറക് വശത്ത് നിന്നും പൊലീസ് കണ്ടെടുത്തു. ഹാളിലെ മൂന്ന് ഇടങ്ങളിൽ നിന്ന് രക്തക്കറയും കണ്ടെത്തി.

ജയമാധവൻ നായർ മരിച്ചു കിടന്ന വീടിന്റെ പുറക് വശത്ത് നിന്നാണ് രക്തക്കറ പുരണ്ട തടി കഷ്ണം ലഭിച്ചത്. ഹാളിലെ ഭിത്തിയിലാണ് രക്തക്കറ കണ്ടെത്തിയത്. കൂടത്തില്‍ വീട്ടിലെത്തിയപ്പോള്‍ ജയമാധവന്‍ നായര്‍ കട്ടിലില്‍നിന്ന് വീണു കിടക്കുന്നതു കണ്ടെന്നാണ് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ മൊഴി. മൃതദേഹത്തിലോ, പരിസരത്തോ രക്തക്കറയുള്ളതായി പറഞ്ഞിട്ടുമില്ല. എന്നാൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലുമുള്ളത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. ഇതുസംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് ഉടൻ ലഭിക്കും. തടികഷ്ണം കണ്ടെടുത്തത് നിർണായക തെളിവായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. കാര്യസ്ഥൻമാരായ രവീന്ദ്രൻനായരുടെയും സഹദേവന്റെയും വീട്ടുജോലിക്കാരി ലീലയുടേയും മൊഴികളിലെ വൈരുധ്യം കേന്ദ്രീകരിച്ചാണ് അന്വേഷണം. ജയമാധവൻ നായർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജിൽനിന്ന് ഓട്ടോറിക്ഷയിൽ ലീലയും താനും കരമന സ്റ്റേഷനിലെത്തിയെന്നാണ് രവീന്ദ്രൻനായരുടെ മൊഴി. എന്നാൽ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനുള്ളതിനാൽ മെഡിക്കൽ കോളജിൽനിന്ന് വീട്ടിൽ പോകാൻ രവീന്ദ്രൻനായർ ആവശ്യപ്പെട്ടതായാണ് ലീലയുടെ മൊഴി.