കൈകൾ കൊണ്ട് രൂപ കൽപനചെയ്ത് നിർമ്മിച്ചെടുക്കുന്ന വിദ്യക്കാണ് കരകൌശലം എന്ന് വിളിക്കുന്നത്. കൈ കൊണ്ട് ചെയ്യുന്ന കലാവിരുതുകളും കൈകൾ കൊണ്ട് ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങളും ഇതിലുൾപ്പെടുന്നതാണ്. ലളിതമായ ഉപകരണങ്ങളുടെ സഹായത്താൽ നിർമ്മിച്ചെടുക്കുന്ന അലങ്കാര വസ്തുക്കളും ഇതിലുൾപ്പെടുന്നു. കരവിരുതും നൈപുണ്യവും ഇതിൽ ഉൾചേർന്നിരിക്കും. പഴയ കുപ്പികൾ കളയുവാൻ ഉണ്ടേൽ വരട്ടെ, കുപ്പികളിൽ വർണ്ണ വിസ്മയം തീർക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് സൂറിച്ചിൽ താമസിക്കുന്ന ജൂബിൻ ജോസഫ് .
പഴയ കുപ്പികളിൽ നൂലുകൊണ്ടും വർണ്ണം കൊണ്ടും പുതിയ രൂപം നൽകുകയാണ് ഇദ്ദേഹം. ചില്ല് കുപ്പി മാത്രമല്ല പ്ലാസ്റ്റിക്ക് കുപ്പികൾ, ക്യാനുകൾ, ഐസ്ക്രീം പാത്രങ്ങൾ, എല്ലാം ജൂബിൻറെ കലാവിരുതിൽ രൂപാന്തരം പ്രാപിക്കുകയാണിവിടെ. കുപ്പികളിൽ ചകിരി, നൂൽ, വസ്ത്രങ്ങളിലെ എംബ്രോഡറി വസ്തുക്കൾ, പെയിന്റ് എന്നിവ ഉപയോഗിച്ചാണ് ജൂബിൻ കുപ്പികളിൽ വർണ്ണ വസന്തം തീർക്കുന്നത്.
പേപ്പർ പ്രിന്റുകളും മുത്തുകളും കൊണ്ട് മനോഹരമാക്കിയ കുപ്പികളും ഉണ്ടിവിടെ. കുപ്പികളിൽ ഡിസൈൻ ഒരുക്കാൻ പെയിന്ടാണ് കൂടുതലും ഉപയോഗിക്കുന്നത് ..ഇലകളിൽ ചായം പൂശി പതിപ്പിച്ചാണ് പഴയ കുപ്പികളിൽ പുതു ഭംഗി തീർക്കുന്നത്. ഒഴിവു സമയങ്ങ ളിൽ ചെറിയ രീതിയിൽ തുടങ്ങിയ കുപ്പികളിൽ തീർത്ത കരകൗശലം ഇപ്പോൾ ചെന്നത്തി നിൽക്കുന്നത് അൻപതോളം കുപ്പികളിലാണ്.
ഒരു കലാസംവിധായകനാകണം എന്നുള്ള മോഹം മനസ്സിലൊളിപ്പിച്ചുവെച്ചിരിക്കുന്ന ഈ കരകൗശല കലാകാരൻ നല്ലൊരു ഗാനരചയിതാവുകൂടിയാണ് . ഈ കഴിഞ്ഞ ഓണത്തിന് സുഹൃത്തായ ആൽഫിനുമായി അണിയിച്ചൊരുക്കിയ “ഓണക്കൊലുസ്സ് എന്ന സംഗീതശില്പത്തിന് വൻ വരവേൽപ്പാണ് മലയാളീ സമൂഹത്തിൽനിന്നും ലഭിച്ചത് .. കുപ്പികളിൽ വര്ണ്ണ വിസ്മയം തീർക്കുവാൻ എല്ലാത്തിനും പൂർണ്ണ പിന്തുണ യുമായി ഭാര്യ ഷൈനിയും ഒപ്പമുണ്ട്.
35 ലക്ഷം ജനങ്ങള്‍ക്ക് തൊഴിലവസരവും, ഏകദേശം 36,000 കോടി രൂപ വിദേശനാണ്യവും ഇൻഡ്യാ രാജ്യത്തിന് നേടിത്തരുന്ന മേഖലയാണ് കരകൗശല മേഖല. രാജ്യത്തിന്‍റ പരമ്പരാഗത മേഖലയുടെ അര്‍ത്ഥഭംഗിയും, സംസ്കാര വൈവിധ്യവും വിളിച്ചോതുന്നതാണ് കേരളത്തിന്‍റെ കരകൗശല മേഖല.