കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു . സ്വജനപക്ഷപാതത്തിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു സ്ഥാനം ഒഴിയണം. സ്വജനപക്ഷപാതത്തിലൂടെ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം.
പ്രോ ചാൻസലർ എന്ന നിലയിൽ വി.സി. നിയമനം തൻ്റെ അവകാശമാണെന്നാണ് ഗവർണർക്ക് അയച്ച കത്തിൽ മന്ത്രി പറയുന്നത്. വി.സി.യെ കണ്ടെത്താനായി നിയോഗിച്ച സെർച്ച് കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ് മന്ത്രി പുനർനിയമനത്തിന് ചരടുവലി നടത്തിയത്. സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് പിൻവാതിൽ നിയമനം നൽകിയതിന് കൂട്ടു നിന്നതിനുള്ള ഉപകാരസ്മരണയാണോ മുൻ വി.സി.യുടെ പുനർനിയമനമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സർവകലാശാലകളെ എ.കെ.ജി സെൻ്ററിൻ്റെ ഡിപ്പാർട്ട്മെൻ്റുകളാക്കാൻ അനുവദിക്കില്ല. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം ആരംഭിക്കും- വി.ഡി. സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.