Kerala

കണ്ണൂർ വിസിയുടെ പുനർനിയമനം: ഹർജി ഫയലിൽ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി വിധി ഇന്ന്

കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനെതിരെ ഫയൽ ചെയ്ത ഹർജി ഫയലിൽ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് വിധി പറയും. ഹർജിയിൽ സിംഗിൾ ബെഞ്ച് പ്രാഥമിക വാദം കേട്ടിരുന്നു. ( kannur vc kerala high court )

2017 നവംബർ മുതൽ ഇക്കഴിഞ്ഞ നവംബർ 22 വരെയായിരുന്നു കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ നിയമന കാലാവധി. എന്നാലിത് അടുത്ത 4 വർഷത്തേക്കു കൂടി പുനർ നിയമനം നടത്തി ഉത്തരവിറക്കിയതാണ് വിവാദമായത്. നിയമന ഉത്തരവിൽ ഒപ്പിട്ടത് സമ്മർദ്ദത്തിന്റെ പുറത്താണെന്ന ഗവർണറുടെ വെളിപ്പെടുത്തലും വന്നതോടെ വിഷയം കൂടുതൽ സങ്കീർണമായിട്ടുണ്ട്.

കണ്ണൂർ വി സി പുനർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ .ആർ ബിന്ദുവിന്റെ ഇടപെടൽ വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നിരുന്നു. അക്കാദമിക് മികവ് നിലനിർത്താൻ ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് ഗവർണർക്കാണ് മന്ത്രി കത്ത് നൽകിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാർശ ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം.

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുയാണ്. കണ്ണൂർ വിസി പുനർ നിയമനത്തിന് ഗവർണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് കത്ത് പുറത്തുവന്നത്. വിസിക്ക് പുനർനിയമനം നൽകാൻ സർക്കാർ നോമിനിയെ ചാൻസലറുടെ നോമിനിയാക്കാൻ മന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലാണ് മന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കിയത്.

ഇതിന് പിന്നാലെ മന്ത്രി ഡോ .ആർ ബിന്ദു രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വജന പക്ഷാപാതമാണ് മന്ത്രി നടത്തിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയത്. ഇക്കാര്യത്തിൽ ലോകായുക്തയിൽ നാളെ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാൻസലർ ഇല്ലാത്തപ്പോൾ മാത്രമാണ് പ്രോ ചാൻസലർ ആയ മന്ത്രിക്ക് പ്രവർത്തിക്കാനാകുന്നെതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പുനർ നിയമനത്തിന് ശുപാർശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നതിന് തെളിവ് പുറത്തുവന്നതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.