കരുവന്നൂര്‍ മോഡല്‍ നിക്ഷേപ തട്ടിപ്പുകള്‍ പുറത്തുവന്നതിനു പിന്നാലെ സഹകരണ ബാങ്കുകളിലെ പിന്‍വാതില്‍ നിയമനങ്ങളെ ചൊല്ലി വിവാദം. കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിയമനം നടത്തിയ പ്രസിഡന്റിനെതിരെ ഭരണസമിതിയിലുള്ള യുഡിഎഫ് അംഗം തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. നിയമനം നടത്താന്‍ എല്‍ഡിഎഫ്-യുഡിഎഫ് ധാരണയുണ്ടെന്ന് രാജിവച്ച പ്രസിഡന്റ് ടിഎസ് രാജന്‍ ആരോപിച്ചു.( kanjirappilly bank )
യുഡിഎഫ് ഭരിക്കുന്ന ബാങ്കില്‍ പ്രാദേശിക സിപിഐഎം നേതാവിന്റെ മകനുള്‍പ്പെടെ നിയമനം നല്‍കാനുള്ള നീക്കത്തെ പ്രസിഡന്റ് ടി എസ് രാജന്‍ എതിര്‍ത്തിരുന്നു. പില്‍വാതില്‍ നിയമനം എന്നുചൂണ്ടിക്കാട്ടിയാണ് രണ്ട് നിയമനങ്ങളുടെയും പേരില്‍ തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെയാണ് യുഡിഎഫ് അംഗമായ സക്കീര്‍ കട്ടുപ്പാറ പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നത്. അവിശ്വാസം കൊണ്ടുവന്നെങ്കിലും രാജന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു.
ഡിസിസി കെപിസിസി അംഗങ്ങള്‍ ഇടതുമുന്നണിയുമായി ചേര്‍ന്ന് ധാരണയുണ്ടാക്കിയെന്നും ഇത് തടഞ്ഞതുമൂലമാണ് നേതാക്കള്‍ തനിക്കെതിരെ തിരിഞ്ഞതെന്നും ടി എസ് രാജന്‍ ആരോപിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മുസ്ലിം ലീഗും രംഗത്തുവന്നു. പ്രദേശത്ത് ചാര്‍ജുള്ള കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന് വിവരങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.