Kerala

കാക്കനാട് കരുണാലയത്തില്‍ 27 അന്തേവാസികള്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് കോവിഡ്

കരുണാലയത്തിന്‍റെ ഒരു നില ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്‍റ് സെന്‍ററാക്കി മാറ്റി രോഗബാധിതര്‍ക്ക് ഇവിടെ തന്നെ ചികിത്സ ആരംഭിച്ചിട്ടുണ്ട്

കാക്കനാട് കരുണാലയത്തില്‍ 27 അന്തേവാസികള്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാക്കനാട് കരുണാലയത്തിലാണ് ഇന്ന് കൂടുതല്‍ പേരുടെ പരിശോധന ഫലം പൊസിറ്റീവായത്. 26 അന്തേവാസികളുള്‍പ്പെടെ 30 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കന്യാസ്ത്രീകളും ജോലിക്കാരും അന്തേവാസികളും ഉള്‍പ്പടെ 141 പേരാണ് ഇവിടെ താമസിക്കുന്നത്. 51 പേരുടെ പരിശോധന ഫലങ്ങളാണ് നിലവില്‍ ലഭിച്ചത്. അംഗപരിമിതരും കിടപ്പുരോഗികളും പ്രായം ചെന്നവരുമടക്കമുള്ളവരാണ് കരുണാലയത്തില്‍ അന്തേവാസികളായിട്ടുള്ളത്. കരുണാലയത്തിന്‍റെ ഒരു നില ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്‍റ് സെന്‍ററാക്കി മാറ്റി രോഗബാധിതര്‍ക്ക് ഇവിടെ തന്നെ ചികിത്സ ആരംഭിച്ചിട്ടുണ്ട്.

സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തും. ഈ മാസം 15 ന് വൈപ്പിന്‍ കുഴുപ്പിള്ളി എസ് ഡി കോണ്‍വെന്‍റിലെ സിസ്റ്റര്‍ ക്ലെയര്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ജൂലൈ 17 നാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇവരുമായുള്ള സമ്പര്‍ക്കമാണ് കന്യാസ്ത്രീ മഠങ്ങളിലേക്ക് കോവിഡ് രോഗബാധയെത്തിയത്.