ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനായി സുപ്രീംകോടതിയിൽ കേസ് കൊടുത്ത പ്രേരണകുമാരി ബി.ജെ.പി പ്രവർത്തകയാണെന്നതിന്റെ തെളിവ് പുറത്ത് വിട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രേരണകുമാരിയുടെ ബി.ജെ.പി ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ കടകംപള്ളി ഫെയ്‌സ്ബുക്കിലിട്ടു. യുവതീപ്രവേശന കേസ് നല്‍കിയത് സംഘപരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ ബി.ജെ.പി നേതൃത്വം കാട്ടണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു.
ശബരിമല യുവതീപ്രവേശനത്തിന് വേണ്ടി സുപ്രീംകോടതിയില്‍ കേസ് നല്‍കിയത് സംഘപരിവാറാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്ന് വന്നിരിന്നു. അത് സാധൂകരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്ത് വിട്ടിരിക്കുന്നത്. യുവതീപ്രവേശനത്തിന് കേസ് നല്‍കിയ അഞ്ച് യുവതികളില്‍ പ്രമുഖയായിരുന്നു പ്രേരണാകുമാരി. ബി.ജെ.പിക്കാരിയാണെന്ന് പ്രസംഗിച്ചതിന് തനിക്കെതിരെ ഒരു സുപ്രീം കോടതി അഭിഭാഷകന്‍ വഴി പ്രേരണകുമാരി വക്കീല്‍ നോട്ടീസ് അയച്ചിരുന്നതായി കടകംപള്ളി ഫെയ്സ്ബുക്കില്‍ കുറിച്ചു. ദില്ലിയിലെ ബി.ജെ.പി നേതൃനിരയിലുള്ള പ്രേരണാകുമാരി ബി.ജെ.പി ലീഗല്‍ സെല്ലിന്റെ സുപ്രീം കോടതി യൂണിറ്റ് സെക്രട്ടറിയും, ബി.ജെ.പി പോഷകസംഘടനയുടെ ഔദ്യോഗിക വക്താവുമാണെന്ന് കടകംപള്ളി ആരോപിക്കുന്നു.