Kerala

കരിന്തളം കോളജ് വ്യാജരേഖ കേസ്; കെ വിദ്യക്ക് ജാമ്യം


കരിന്തളം കോളജിലെ അധ്യാപക നിയമനത്തിന് വ്യാജരേഖ ചമച്ച കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യക്ക് ജാമ്യം. കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

വിദ്യക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടക്കുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടി. പോലീസ് സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ് വിദ്യയുടെ കേസ് ഇന്നത്തേക്ക് മാറ്റിയത്. കേസില്‍ വിദ്യക്ക് കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

കരിന്തളം ഗവ. കോളജില്‍ നിയമനം ലഭിക്കാന്‍ ആസൂത്രിതമായി വ്യാജ രേഖ ചമച്ചുവെന്ന വിദ്യയുടെ മൊഴി അടിസ്ഥാനമാക്കിയാണ് പ്രോസിക്യൂഷന്റെ വാദം. അതേസമയം വ്യാജ രേഖ നിര്‍മിക്കാന്‍ വിദ്യക്ക് മറ്റ് സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്നത് പൊലീസിന്റെ അന്വേഷണ പരിധിയിലില്ല. മൊബൈല്‍ ഫോണില്‍ സ്വന്തമായി വ്യാജ രേഖ നിര്‍മിച്ചുവെന്ന വിദ്യയുടെ മൊഴി വിശ്വാസത്തിലെടുത്താണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.