India Kerala

ഗ്രൂപ്പ് പോര് കെ.സുരേന്ദ്രന് വെല്ലുവിളിയാകും

ഗ്രൂപ്പ് തര്‍ക്കത്തില്‍പെട്ട് പലവട്ടം കൈവിട്ട പദവിയാണ് ഇപ്പോള്‍ സുരേന്ദ്രനെ തേടിയെത്തിയിരിക്കുന്നത്. പുതിയ പ്രസിഡന്റിന്റെ നിയമനം മാസങ്ങളോളം വൈകിപ്പിച്ചതും ആഭ്യന്തര തര്‍ക്കമാണ്. അധ്യക്ഷപദവി ഏറ്റെടുക്കുന്ന സുരേന്ദ്രന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയും ഗ്രൂപ്പ് പോര് തന്നെയാകും. പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ വക്താവായി അറിയപ്പെടുന്നയാളാണ് സുരേന്ദ്രന്‍.

സംസ്ഥാന അധ്യക്ഷ പദവിയെക്കുറിച്ച് ചർച്ചകൾ നടക്കുമ്പോഴെല്ലാം ഉയർന്നു വരുന്ന പേരാണ് കെ. സുരേന്ദ്രന്റേത്.എന്നാൽ ഒടുവിൽ പാർട്ടിയിലെ ഗ്രൂപ്പ് പോരിൽ ഉടക്കി സ്ഥാനം നഷ്ടപ്പെടും. ഇക്കുറി ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ നീക്കം ഒടുവിൽ ഫലം കാണുകയായിരുന്നു. കേന്ദ്ര മന്ത്രി വി.മുരളീധരന്റെ സ്വാധീനവും സുരേന്ദ്രൻ അധ്യക്ഷനായതിന്റെ പിന്നിലുണ്ട്. കൃഷ്ണദാസ് പക്ഷത്തു നിന്ന് എം.ടി രമേശിന്റെയും എ.എൻ രാധാകൃഷ്ണന്റെയും പേരുകൾ ഉയർന്നു വന്നെങ്കിലും ദേശീയ നേതൃത്വം ചെവിക്കൊണ്ടില്ല. ശബരിമല യുവതീ പ്രവേശന സമയത്ത് സമരരംഗത്ത് സജീവമായതോടെ സുരേന്ദ്രനെ കേന്ദ്രീകരിച്ച് ചരടുവലികൾ നടന്നിരുന്നു. നാളുകളുടെ കാത്തിരിപ്പിന് ശേഷം ബി.ജെ.പിക്ക് സംസ്ഥാന അധ്യക്ഷനെ ലഭിച്ചെങ്കിലും വിഭാഗീയത കുറക്കാനാകില്ലെന്നാണ് കണക്കുകൂട്ടൽ.

ജില്ലാ അധ്യക്ഷൻമാരെ നിശ്ചയിച്ചപ്പോഴും ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവർത്തനമായിരുന്നു നടന്നത്. ഗ്രൂപ്പ് തർക്കം കാരണം നാലു ജില്ലകളി അധ്യക്ഷൻമാരെ ഇപ്പോഴും നിശ്ചയിക്കാനായിട്ടില്ല. കേന്ദ്ര നേതൃത്വം പലപ്പോഴും താക്കീത് ചെയ്ത വിഭാഗീയതയെ നേരിടുക സുരേന്ദ്രന് വലിയ വെല്ലുവിളിയാകും. മറ്റ് സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കുകയെന്ന കടമ്പ കടക്കാൻ ഏറെ പണിപ്പെടേണ്ടിയും വരും. വാരാനിരിക്കുന്ന തദ്ദേശ,നിയമസഭാ തെരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കണ്ട് സംസ്ഥാന ബി.ജെ.പിയെ ശക്തിപ്പെടുത്തുക എന്ന ദൗത്യമാണ് സുരേന്ദ്രനെ കാത്തിരിക്കുന്നത്.