Kerala

എഎപിയോട് പിന്തുണ തേടി കെ സുധാകരൻ

ആം ആദ്മി പാർട്ടിയുടെ പിന്തുണ തേടുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാർട്ടിയെന്ന നിലയിൽ ട്വന്റി ട്വന്റിക്കെതിരെ കോൺ​ഗ്രസ് ഒരു നിലപാടും കൈക്കൊണ്ടിട്ടില്ലെന്നും വ്യക്തികൾക്കെതിരെ നിലപാട് കൈക്കൊണ്ടിട്ടുണ്ടാവാമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ആരുടെ വോട്ടിനും ഭ്രഷ്ട്ടില്ല. ശത്രുക്കളുടെ വോട്ടും സ്വീകരിക്കും.

എഎപിക്ക് ഒരു കാലത്തും യോജിക്കാനാവാത്ത പ്രസ്ഥാനമാണ് സിപിഐഎം. എഎപിക്ക് പിന്തുണ നൽകാനാവുന്ന ഏറ്റവും വലിയ പ്രസ്ഥാനമാണ് കോൺ​ഗ്രസ്. കേരളത്തിൽ വേരോട്ടമുണ്ടാക്കാൻ ഒരിക്കലും എഎപിക്ക് കഴിയില്ല. കേരളത്തിലെയും ഡൽഹിയിലെയും രാഷ്ട്രീയ സാഹചര്യം വേറെയാണെന്ന് മനസിലാക്കണം. നാലാംബദലിനുള്ള സാധ്യത കേരളത്തിലില്ല. നാക്കുകൊണ്ടോ വാക്കുകൊണ്ടോ ചിന്തകൊണ്ടോ എഎപി സിപിഐഎമ്മുമായി സഖ്യം ചേർന്നിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഏത് മുന്നണിക്ക് പിന്തുണ നൽകുമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഉടൻ പ്രത്യേക യോ​ഗം ചേരുമെന്ന് ട്വന്റി ട്വന്റി ചീഫ് കോ ഓർഡിനേറ്റർ സാബു ജേക്കബ് വെളിപ്പെടുത്തിയിരുന്നു. യോ​ഗത്തിൽ ചർച്ച നടത്തി ആർക്കാണ് പിന്തുണ നൽകുകയെന്ന് തീരുമാനിക്കുമെന്നും അതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയിലെ എം.എൽ.എ ശ്രീനിജൻ അഭിപ്രായപ്പെട്ടത് ട്വന്റി ട്വന്റി തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ ഭയന്നോടുകയാണെന്നാണ്. ഇത്തരം അഭിപ്രായപ്രകടനങ്ങൾ നടത്തുന്നവരെ ഇടതുമുന്നണി ഇടപെട്ട് തടയണം. തുടർ ഭരണത്തിന്റെ വിലയിരുത്തൽ തന്നെയായിരിക്കും തെരഞ്ഞെടുപ്പ് ഫലം. നിലപാടുകളും സിൽവൻലൈൻ ഉൾപ്പടെയുള്ള വികസന കാഴ്ച്ചപ്പാടുകളും വിലയിരുത്തപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം പിടിക്കാൻ നാലാം മുന്നണി പ്രഖ്യാപിച്ച് ആം ആദ്മിയും ട്വന്റി ട്വന്റിയും രംഗത്തെത്തിയതിന് പിന്നാലെ സഖ്യത്തിൽ പ്രതികരണവുമായി മുൻ എം.എൽ.എ എം. സ്വരാജെത്തിയിരുന്നു. ട്വന്റി 20 – ആം ആദ്മി സഖ്യത്തിന്റെ നിലപാടുകൾ ഇടത് പക്ഷ നിലപാടുകളോട് ചേർന്ന് നിൽക്കുന്നതാണെന്ന് എം സ്വരാജ് പറഞ്ഞു. തൃക്കാകരയിൽ അവർക്ക് ഇടതുപക്ഷത്തോടേ യോജിക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാർ തൃക്കാക്കരയിൽ ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നു എന്ന വി.ഡി സതീശന്റെ ആരോപണത്തോടും എം. സ്വരാജ് പ്രതികരിച്ചു. ശുദ്ധ അസംബന്ധമാണ് സതീശൻ പറയുന്നതെന്നും വി.ഡി. സതിശന്റേത് പരാജയപ്പെടും എന്ന ഭയം ഉണ്ടായപ്പോഴുള്ള വിലാപമാണ്. മന്ത്രിമാരുടെ ഗൃഹസന്ദർശന പരിപാടിയിൽ വി.ഡി. സതീശനെ സ്വാഗതം ചെയ്യുകയാണ്. അദ്ദേഹം വന്ന് ഞങ്ങളുടെ പ്രചാരണ രീതി കാണട്ടെ.- എം സ്വരാജ് വ്യക്തമാക്കി.