Kerala

ജനം നടുത്തെരുവില്‍, മുഖ്യമന്ത്രി അധികാര സുഖശീതളയില്‍ അഭിരമിക്കുന്നു: കെ.സുധാകരന്‍

വിലക്കയറ്റം മൂലം ജനം നടുത്തെരുവില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളനത്തിൽ പങ്കെടുത്ത് അധികാരത്തിന്റെ സുഖശീതളയില്‍ അഭിരമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

വിലവര്‍ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. പച്ചക്കറിയുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. തക്കാളി, മുരിങ്ങ, പയര്‍, ബീന്‍സ്, വെള്ളരി, കത്തിരി എന്നിവയുടെ വില കിലോയ്ക്ക് 100 രൂപയ്ക്കുമുകളിലാണ്. സപ്ലൈകോ പലചരക്ക് സാധനങ്ങള്‍ക്ക് വിലക്കൂട്ടി കൊള്ളനടത്തുന്നു. വിലവര്‍ധനവ് വിവാദമായപ്പോള്‍ നേരിയ ഇളവ് പ്രഖ്യാപിച്ച് തടിതപ്പുകയാണ് ഭക്ഷ്യമന്ത്രി ചെയ്തത്. ബസ്-വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നു. പോത്തന്‍കോടത്തെ കൊലപാതകം ഞെട്ടിക്കുന്നതാണ്. ക്രിമിനൽക്കേസില്‍ ഒളിവില്‍പ്പോയ പ്രതിയെ പൊലീസിന് പിടിക്കാന്‍ കഴിഞ്ഞില്ല. എന്നാൽ ക്വട്ടേഷന്‍ സംഘം കണ്ടെത്തി കൊലപ്പെടുത്തി. ഇത് ആഭ്യന്തരവകുപ്പിന് നാണക്കേടാണ്. ജനസുരക്ഷ ഉറപ്പുവരുത്തേണ്ട പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തീവ്രവാദികളായി ചിത്രീകരിക്കുകയാണ്. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ജാള്യത മറയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുധാകരന്‍ പരിഹസിച്ചു.

പിജി ഡോക്ടര്‍മാരുടെ സമരം രണ്ടാഴ്ച പിന്നിട്ടിട്ടും പ്രശ്‌ന പരിഹാരിത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. അതിന് പകരം അരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയ അട്ടപ്പാടി നോഡല്‍ ഓഫീസര്‍ പ്രഭുദാസിനെ രാഷ്ട്രീയ പ്രതികാരത്തിന്റെ പേരില്‍ സ്ഥലംമാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സുധാകരന്‍ ആരോപിച്ചു.