Kerala

കെ.എസ്.ആർ.ടി.സി കുടിശിക; ഓണക്കാലത്തും ശമ്പളം കൊടുക്കാത്ത നിലപാട് മനുഷ്യത്വരഹിതം: കെ സുധാകരന്‍

ഓണക്കാലത്തും കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് കുടിശിക തീര്‍ത്ത് ശമ്പളം കൊടുക്കില്ലെന്ന സര്‍ക്കാരിന്റെ നിലപാട് മനുഷ്യത്വരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ്. തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഐഎം ഭരണത്തിലാണ് കൂലിക്കായി ജീവനക്കാര്‍ തെരുവിലിറങ്ങി പട്ടിണി സമരം നടത്തുന്നത്. വിഷയത്തില്‍ സർക്കാരിൻ്റെ സമീപനം തൊഴിലാളി വിരുദ്ധതയുടെ ഉദാഹരണമാണെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.

പാർട്ടിയുടെ തൊഴിലാളി സംഘടനകള്‍ ഇടതുമുന്നണിയിലെ ഘടകകക്ഷി അംഗമായ വകുപ്പുമന്ത്രിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി സ്വയം തടിതപ്പുകയാണ്. സര്‍ക്കാരും മാനേജുമെന്റും തൊഴിലാളികളെ പൂര്‍ണ്ണമായും കൈവിട്ടു. ശമ്പളത്തിനായി 103 കോടി രൂപ നല്‍കാനുള്ള ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ നിന്നും സ്‌റ്റേവാങ്ങിക്കൊണ്ടാണ് സര്‍ക്കാര്‍ തൊഴിലാളികളോടുള്ള മമത പ്രകടിപ്പിച്ചത്. ധനവകുപ്പ് പ്രതിമാസം കെഎസ്ആര്‍ടിസിക്ക് നല്‍കിവരുന്ന 50 കോടി രൂപ കഴിഞ്ഞ രണ്ടുമാസമായി കുടിശ്ശികയാണ്. അതും ഉത്സവ ആനുകൂല്യങ്ങളും ചേര്‍ത്തുള്ള തുക നല്‍കാനാണ് സിംഗില്‍ ബെഞ്ച് ഉത്തരവിട്ടത്. എന്നാല്‍ അതിനോട് മുഖം തിരിച്ച സര്‍ക്കാര്‍, കുടിശിക ഇനത്തില്‍ കെഎസ്ആര്‍ടിസിക്ക് നല്‍കാനുള്ള സാമ്പത്തിക സഹായത്തിന്റെ ഒരുമാസത്തെ വിഹിതം മാത്രം നല്‍കാമെന്ന നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് സുധാകരന്‍ കൂട്ടിച്ചേർത്തു.

കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തി കൊണ്ടുപോകണ്ട ഉത്തരവാദിത്തവും ബാധ്യതയും സര്‍ക്കാരിനുണ്ട്. സിഫ്റ്റ് കമ്പനി രൂപീകരിച്ച് റൂട്ടുകള്‍ കൈമാറിയത് കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി വര്‍ധിപ്പിച്ചു. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌ക്കരണവും സിഫ്റ്റ് കമ്പനി രൂപികരിക്കലും ഉള്‍പ്പെടെയുള്ള നടപടികള്‍ കോര്‍പ്പറേറ്റ് നയവ്യതിയാനത്തിന്റെ ഭാഗമായുള്ള തൊഴിലാളിദ്രോഹ നടപടികളാണ്. സര്‍ക്കാര്‍, മാനേജ്‌മെന്റ് തലത്തിലെ കെടുകാര്യസ്ഥതയും പിടിപ്പുകേടുമാണ് ഇതിന് കാരണം. ജീവനക്കാരുടെ ദുരിത യാത്രക്ക് അന്ത്യം കുറിക്കാന്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരും മുഖ്യമന്ത്രിയും തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു.