Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മദ്യപിച്ചെന്ന ആരോപണം: മെഡിക്കല്‍ ടെസ്റ്റ് നടത്താത്തതിനെതിരെ വ്യാപക വിമര്‍ശനം

വിമാനത്തില്‍ പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നുവെന്ന ഇ പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. അഞ്ച് മണിക്കൂര്‍ പിന്നിട്ടിട്ടും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കത്തത് ചൂണ്ടിയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണങ്ങള്‍. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മദ്യപിച്ചിട്ടില്ല എന്ന് തെളിയിക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് കെ എസ് ശബരിനാഥ് പറഞ്ഞു. എന്നാല്‍ പൊലീസ് ഇവരെ ടെസ്റ്റിനെത്തിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ചുകൊണ്ട് ചില പൊലീസ് ഉദ്യോഗസ്ഥര്‍ മനപൂര്‍വം ഫര്‍സീനേയും നവീനേയും ടെസ്റ്റിനെ ഹാജരാക്കാത്തതാണെന്ന് ശബരീനാഥ് ആരോപിച്ചു. ശംഖുമുഖം എസിപിയും വലിയ തുറ എസ്‌ഐയുമുള്‍പ്പെടെ മനപൂര്‍വം ടെസ്റ്റ് നടത്താതിരിക്കുന്നുവെന്ന് ശബരീനാഥ് ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി വിമാനത്തിനുള്ളിലെത്തിയത്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പ്രതിഷേധക്കാരെ തള്ളിമാറ്റി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.

അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവം ഇ പി ജയരാജന്‍ വിവരിച്ചു. വിമാനത്തില്‍വച്ച് പ്രവര്‍ത്തകര്‍ മദ്യപിച്ച് ബഹളം വച്ചപ്പോഴാണ് താന്‍ എഴുന്നേറ്റ് ചെന്ന് അവരെ തടഞ്ഞതെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ഇങ്ങനെയൊരു സംഭവം നടക്കുമെന്ന് പ്രതീക്ഷിച്ചില്ല. മദ്യപിച്ച പ്രവര്‍ത്തകരെ വിമാനത്തില്‍ കയറ്റിവിട്ടിരിക്കുകയായിരുന്നു. ഇതാണോ യൂത്ത് കോണ്‍ഗ്രസിന്റെ സമരരീതിയെന്നും ഇതാണോ വി ഡി സതീശന്റെ പ്രതിഷേധമാര്‍ഗമെന്നും ഇപി ജയരാജന്‍ ചോദിച്ചു.