മുസ്ലിം ലീഗുമായുള്ള പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് കെ മുരളിധരൻ എംപി. മൂന്നാം സീറ്റ് ആവശ്യം പരിഹരിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ വിജയ സാധ്യതയെ ബാധിക്കും. ലീഗിന് അർഹത സർട്ടിഫിക്കറ്റ് അല്ല വേണ്ടത്. അനിശ്ചിതമായി നീളുന്നത് ശരിയല്ല
കോൺഗ്രസിന്റെ ഐക്യം ശ്കതിപ്പെടുത്തണമെന്നും എങ്കിൽ മാത്രമേ യു ഡിഎഫിൽ ഐക്യം ഉണ്ടാകൂവെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
വടകരയിൽ കെ കെ ഷൈലജ സ്ഥാനാർഥി ആകുന്നത് പ്രശനം അല്ല. ടിപി ചന്ദ്ര ശേഖരന്റെ കൊലയാളികളുടെ പാർട്ടി വടകരയിൽ ജയിക്കില്ലെന്നും കോൺഗ്രസ് 20 ൽ 20 ൽ സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂരിലെ ഉപതെരഞ്ഞെടുപ്പ് പരാജയം ഗൗരവമായി കാണുന്നു. പരാജയത്തെ അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്തെത്തി. ലീഗിന് ചോദിക്കാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകൂകയുള്ളൂ. ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്നും മുന്നണി രാഷ്ട്രീയത്തിൽ സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു.
രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിലും അദ്ദേഹം പ്രതിരിച്ചു. ഊഹാ പോഹങ്ങൾക്ക് മറുപടിയില്ലെന്നായിരുന്നു പ്രതികരണം. സ്ഥാനാർഥികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല. പാർട്ടി തീരുമാനിച്ച് പ്രവർത്തിക്കും. സിപിഐഎമ്മിനാണ് അങ്കലാപ്പ്. കഴിഞ്ഞതവണയും സിപിഐഎം സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചു എന്നാൽ 19 സീറ്റിലും യുഡിഎഫ് വിജയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ താൻ മത്സരിക്കണമെന്ന പ്രവർത്തകരുടെ വികാരത്തെ മാനിക്കുന്നു. പ്രവർത്തകർക്ക് അങ്ങനെ ആഗ്രഹിക്കാം. പാർട്ടി വേണ്ട സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.