Kerala

കെ. കരുണാകരന്റെ ഓര്‍മകള്‍ക്ക് 11 വയസ്

രാഷ്ട്രീയ ചാണക്യന്‍ കെ. കരുണാകരന്റെ ഓര്‍മകള്‍ക്ക് ഇന്ന് 11 വയസ്. നേതാവാവുക എന്നത് ഒരു കലയാണെന്ന് തെളിയിച്ച ഒരേയൊരു ലീഡറായിരുന്നു കരുണാകരന്‍. തീരുമാനങ്ങളെടുക്കുന്നതിലെ ചടുലതയും അത് നടപ്പാക്കുന്നതിലെ ഇച്ഛാശക്തിയും.. കെ. കരുണാകരനെ മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്ന് വ്യത്യസ്തനായ നിര്‍ത്തിയത് ഇതൊക്കെയായിരുന്നു.

60കളുടെ അവസാനത്തില്‍ സമ്പൂര്‍ണ തകര്‍ച്ച നേരിട്ട കോണ്‍ഗ്രസിനെ ഏതാണ്ട് ഒറ്റയ്ക്ക് ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ നേതൃപാടവവും സംഘാടനത്തിലെ അസാധാരണ മികവുമാണ് കെ കരുണാകരന് തുണയായത്. ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായി, പിന്നീട് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കാന്‍ കരുണാകരന് സാധിച്ചു.

നാല് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ കരുണാകരനാണ് നെടുമ്പാശ്ശേരി വിമാനത്താവളം, കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം തുടങ്ങി കേരളത്തിന്റെ മുഖഛായ മാറ്റിയ വികസന കാല്‍വയ്പ്പുകള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത്. 1969ല്‍ അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇന്ദിരാ ഗാന്ധിക്കൊപ്പം നിന്ന കെ കരുണാകരന്‍ ദേശീയ തലത്തിലും കിംഗ് മേക്കറായി വളര്‍ന്നു.

1991ല്‍ രാജീവ് ഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് പി നരസിംഹ റാവുവിനെ പ്രധാനമന്ത്രി പദത്തിലേക്കുയര്‍ത്തി ദേശീയ രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടതും കെ കരുണാകരനാണ്. കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രയോക്താവായിരുന്ന കരുണാകരന്‍, ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് വിട്ട് ഡിഎന്‍സി എന്ന പാര്‍ട്ടിയുണ്ടാക്കുന്നതിലേക്ക് വരെയെത്തി കാര്യങ്ങള്‍. എന്നാല്‍ അധികം വൈകാതെ തന്നെ കോണ്‍ഗ്രസിലേക്ക് കരുണാകരന്‍ തിരിച്ചെത്തി.

ചടുലമായ രാഷ്ട്രീയ നീക്കങ്ങളിലൂടെ സ്വന്തം പാര്‍ട്ടിയിലുള്ളവരെയും എതിരാളികളെയും അത്ഭുതപ്പെടുത്തിയ കെ കരുണാകരന്‍ 2010 ഡിസംബര്‍ 23ന് ജീവിതത്തില്‍ നിന്ന് വിടവാങ്ങിയപ്പോള്‍ കേരളത്തിന് നഷ്ടമായ അസാധാരണ നേതൃശേഷിയും ഭരണപാടവുമുള്ള നേതാവിനെയാണ്.