തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ഡോക്ടർ ഷഹ്‌നയുടെ മരണത്തിൽ ഗൗവതാരമായ അന്വേഷണം വേണമെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഡോ. ഷഹ്‌നയുടെ വീട് കെ.കെ. ശൈലജ സന്ദർശിച്ചു. പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുൻ മന്ത്രി വ്യക്തമാക്കി.
അതേസമയം ഷഹനയുടെ ആത്മഹത്യയിൽ കൂടുതൽ പേർ പ്രതികളാകും. കേസിൽ അറസ്റ്റിലായ സുഹൃത്ത് ഡോക്ടർ റുവൈസിൻ്റെ ബന്ധുക്കളെ പ്രതിചേർക്കുന്നതിനാണ് പൊലീസ് തീരുമാനം. ബന്ധുക്കൾ സ്ത്രീധന തുക ചോദിക്കുകയും സമ്മർദ്ദം ചെലത്തുകയും ചെയ്തുവെന്ന് ഷഹ്നയുടെ അമ്മ മൊഴി നൽകിയിരുന്നു.
ഇതിന്റെയടിസ്ഥാനത്തിൽ റുവൈസിൻ്റെ ബന്ധുക്കളെ ചോദ്യം ചെയ്യും. അതേസമയം, റുവൈസിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുക. അതിനിടെ, കേസിലെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നിരുന്നു.
സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷഹ്നയുടെ മരണകാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. വിവാഹത്തിന് സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്നാണ് ഷഹ്നയുടെ ആത്മഹത്യ കുറിപ്പ്.