Kerala

ആക്രമണം ഗൂഢാലോചനയുടെ ഭാഗം, എസ് എഫ് ഐ നരേന്ദ്രമോദിയുടെ ക്വട്ടേഷൻ സംഘം; കെ സി വേണുഗോപാൽ

രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുനേരെയുള്ള എസ്.എഫ്.ഐ. അക്രമത്തിൽ പ്രതികരിച്ച് എഐസി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണ്. പൊലീസ് സംരക്ഷണയിലാണ് ആക്രമണം നടന്നത്. മാർച്ച് തടയാൻ പൊലീസ് ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേതൃത്വം തള്ളിയത് ചെറുതായി കാണില്ല. എസ് എഫ് ഐ നരേന്ദ്രമോദിയുടെ ക്വട്ടേഷൻ സംഘമാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.

അതേസമയം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദര്‍ശനം. രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇന്നലെ ആക്രമിച്ചിരുന്നു. പരിസ്ഥിതിലോല പ്രശ്നത്തിൽ രാഹുൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസില്‍ 19 എസ്എഫ്ഐ പ്രവർത്തകരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമാണ് അറസ്റ്റിലായത്.

സംഭവത്തില്‍ കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്എഫ്ഐയോട് നിർദേശിച്ചിട്ടുണ്ട്. സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഐഎം വിശദീകരണം. ദേശീയതലത്തിൽ ബിജെപിക്കതിരെ രാഹുലും ഇടതുപാർട്ടികളും യോജിച്ചുള്ള പോരാട്ടം നടത്തുമ്പോൾ എസ്എഫ്ഐ അക്രമം വലിയ തിരിച്ചടിയായെന്നാണ് സിപിഐഎം വിലയിരുത്തൽ.