Kerala

നിങ്ങളുടെ പൊന്നിന്‍കുടം ഉടഞ്ഞുപോയതിന്റെ വിഷമം എനിക്ക് മനസിലാവും; വിമര്‍ശനത്തിന് സഭയില്‍ കെ.ബാബു

തൃപ്പൂണിത്തുറയില്‍ ബി.ജെ.പി വോട്ടുവാങ്ങി വിജയിച്ചെന്ന സി.പി.എം അംഗങ്ങളുടെ വിമര്‍ശനത്തിന് മറുപടിയുമായി കെ.ബാബു. തൃപ്പൂണിത്തുറയില്‍ നിന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ അടക്കമുള്ള പ്രഗത്ഭരായ സി.പി.എം നേതാക്കളെ പരാജയപ്പെടുത്തിയാണ് താന്‍ മുമ്പും വിജയിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2006ല്‍ 4000 വോട്ടാണ് ബി.ജെ.പി നേടിയത്. 2011 നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് 5000 വോട്ടായിരുന്നു. 2016ല്‍ ബി.ഡി.ജെ.എസ് പിന്തുണയോടെയാണ് ബി.ജെ.പി മത്സരിച്ചത്. അന്ന് പ്രധാനമന്ത്രി കേരളത്തില്‍ പങ്കെടുത്ത ഏക പ്രചാരണ സമ്മേളനം തൃപ്പൂണിത്തുറയിലായിരുന്നു. അന്ന് അവിടെ മത്സരിച്ച തുറവൂര്‍ വിശ്വംഭരനെന്ന സ്ഥാനാര്‍ത്ഥി എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിയായിരുന്നു എന്നതും ബി.ജെ.പിക്ക് വോട്ട് കൂടാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിന്റെ പൊന്നിന്‍കുടമാണ് തൃപ്പൂണിത്തുറയില്‍ ഉടഞ്ഞുപോയത്. അതിന്റെ വിഷമമാണ് ഇങ്ങനെ തീര്‍ക്കുന്നത്. തോല്‍വിയില്‍ സി.പി.എമ്മിനുണ്ടാവുന്ന വിഷമം മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ ക്രമപ്രശ്‌നം ഉന്നയിച്ച് ബാബുവിന്റെ വിശദീകരണം തടസ്സപ്പെടുത്താന്‍ സി.പി.എം ശ്രമിച്ചിരുന്നു. സ്പീക്കര്‍ അനുവദിച്ചിട്ടാണ് സംസാരിക്കുന്നത്, സ്പീക്കറെക്കാള്‍ വലിയ ആളുകള്‍ സഭയിലുള്ളത് തനിക്കറിയില്ലായിരുന്നു എന്നായിരുന്നു ഇതിനോട് ബാബുവിന്റെ പ്രതികരണം.