Kerala

‘പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓർമിപ്പിച്ച രാഹുൽ ഗാന്ധിക്ക് 100/100’: ജോയ് മാത്യു

പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓർമിപ്പിച്ച രാഹുൽ ഗാന്ധിക്ക് 100/100 മാർക്കെന്ന് നടൻ ജോയ് മാത്യു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്റെ ഓഫീസ് ആക്രമിച്ചതിൽ പ്രതികരിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ചായിരുന്നു നടൻ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓർമിപ്പിച്ച രാഹുൽ ഗാന്ധിക്ക് 100/100’, എന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്.

നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും അക്രമം നടത്തിയത് കുട്ടികളാണ്. കുട്ടികളായതുകൊണ്ട് അവരോട് പരിഭവവും ദേഷ്യവുമില്ലെന്നും രാഹുൽ ​ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുട്ടികളുടെ ഈ പ്രവർത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു.

ജോയ് മാത്യുവിന്റെ വാക്കുകളെ പിന്തുണച്ച് നിരവധി പേർ രം​ഗത്തെത്തി. “സ്വന്തം പിതാവിന്റെ ഘാതകരോട് വരെ പൊറുത്തവരാണ്, പിന്നെയല്ലെ ഇവർ, ഇന്ദിരാജിയുടെ കൊച്ചു മോനല്ലേ … അവർക്കിങ്ങിനെയല്ലേ പറ്റൂ ..അയാൾ രാജകുമാരനാണ്.. കാപട്യങ്ങൾ ഇല്ലാത്ത യഥാർത്ഥ നായകൻ”, എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വന്ന കമന്റുകൾ.

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം ഇന്നും തുടരും. രാവിലെ 11ന് വയനാട് നെന്മേനി പഞ്ചായത്തിലെ കോളിയാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തിൽ പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറത്തേക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി വണ്ടൂരില്‍ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. പിന്നീട് മലപ്പുറം ജില്ലയിൽ തുടരുന്ന രാഹുൽ നാളെ അഞ്ച് പൊതു പരിപാടികളിൽ പങ്കെടുക്കും. രാഹുലിൻ്റെ സന്ദർശനം പരിഗണിച്ച് മലപ്പുറം ജില്ലയിലും പൊലീസ് കനത്ത സുരക്ഷ ഒരുക്കി.