India Kerala

യു.ഡി.എഫ് നേതൃയോഗത്തിൽ നിന്നും ജോസഫ് വിഭാഗം ഇറങ്ങിപ്പോയി

കോട്ടയത്ത് യു.ഡി.എഫ് ജില്ലാ നേതൃയോഗത്തിൽ നിന്നും ജോസഫ് വിഭാഗം ഇറങ്ങിപ്പോയി. തദ്ദേശ സ്ഥാപനങ്ങളിലെ മുന്നണി ധാരണകൾ നടപ്പാക്കാൻ യു.ഡി.എഫ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ചാണ് ഇറങ്ങിപ്പോക്ക്. പി.ജെ ജോസഫിന്റെ അറിവോടെയാണ് യോഗം ബഹിഷ്കരിച്ചത് എന്ന് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജില്ലയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളെ കുറിച്ച് ചർച്ച ചെയ്യാനാണ് യു.ഡി.എഫ് നേതൃയോഗം വിളിച്ചുചേർത്തത്. എന്നാൽ യോഗത്തിൽ എത്തിയപ്പോൾ തന്നെ ജോസഫ് വിഭാഗം പ്രതിഷേധം അറിയിക്കുകയായിരുന്നു.

സംസാരിക്കാൻ വേണ്ടി എഴുന്നേറ്റ ജോസഫ് വിഭാഗം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടബിൽ യു.ഡി.എഫ് ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു.

ഇതോടെ ജോസ് വിഭാഗവും മറ്റ് കോൺഗ്രസ് നേതാക്കളും ജോസഫ് വിഭാഗത്തിനെതിരെ തിരിഞ്ഞു. പ്രശ്നം രൂക്ഷമായതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ജോസഫ് ഭാഗത്തോട് പുറത്തു പോകണം എന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് ജോസഫ് വിഭാഗം യോഗം ബഹിഷ്കരിച്ചത്.

പിജെ ജോസഫിന്റെ അറിവോടെയാണ് യോഗം ബഹിഷ്കരിച്ചതെന്ന് സജി മഞ്ഞക്കടമ്പൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ധാരണകൾ പാലിക്കുന്നവരെ യു.ഡി.എഫ് യോഗത്തിൽ നിന്നും വിട്ടു നിൽക്കാനാണ് ജോസഫ് തീരുമാനം.