പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് ജോസ് കെ. മാണി എൽ.ഡി.എഫ് സമരവേദിയിൽ . കേന്ദ്ര ഏജൻസികൾക്കെതിരെ എൽ.ഡി.എഫ് ഇന്നലെ നടത്തിയ പ്രതിഷേധ പരിപാടി ആരംഭിക്കാൻ ജോസ് കെ. മാണിയെ കാനം രാജേന്ദ്രൻ അടക്കമുള്ള എൽ.ഡി.എഫ് നേതാക്കൾ കാത്തിരുന്നു.
അഞ്ചു മണിക്ക് തീരുമാനിച്ചിരുന്ന എൽ.ഡി.എഫ് സമര പരിപാടിയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം സി.പി.ഐ ജില്ലാ സെക്രെട്ടറിമാർ അടക്കം സമയത്ത് എത്തിയിരുന്നു . ജോസ് കെ മാണി വൈകിയപ്പോൾ വന്നിട്ട് ആരംഭിച്ചാൽ മതിയെന്ന് കാനം നിർദേശിച്ചു . തുടർന്ന് മുക്കാൽ മണിക്കൂർ വൈകി ജോസ് കെ മാണി എത്തിയതോടെയാണ് പരിപാടി ആരംഭിച്ചത് . കാനത്തെയും വി. എൻ വാസവനെയും മാത്രം അഭിസംബോധന ചെയ്ത ജോസ് കെ. മാണി കോൺഗ്രസിനെയും പ്രതിപക്ഷ നേതാവിനെയും ആക്രമിച്ചാണ് പ്രസംഗിച്ചത് .
തെരഞ്ഞെടുപ്പിൽ ഐക്യത്തോടെ മുന്നോട്ടു പോകണമെന്ന് സമര പരിപാടി ഉൽഘാടനം ചെയ്ത കാനം രാജേന്ദ്രൻ പ്രസംഗിച്ചപ്പോൾ പ്രതിപക്ഷത്തെ വിമർശിച്ചു ചുരുങ്ങിയ വാക്കുകളിൽ ജോസ് കെ. മാണി പ്രസംഗം അവസാനിപ്പിച്ചു . സി.പി.ഐയുമായി പാലാ നഗരസഭയിൽ അടക്കം സീറ്റ് ധാരണയാകാതെ കുഴയുന്നതിനിടെയിലാണ് ജോസ് കെ. മാണി എൽ.ഡി.എഫ് സമരവേദിയിൽ ആദ്യമായി എത്തിയത് .