ജോളിക്ക് എന്‍.ഐ.ടി പരിസരത്ത് ഉണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തത വന്നതായി സൂചന. എന്‍.ഐ.ടി അധ്യാപികയെന്ന നിലയില്‍ വ്യാജ പ്രചരണം നടത്തി വീട്ടില്‍ നിന്നും ദിവസവും പുറപ്പെട്ടിരുന്ന ജോളിക്ക് ബ്യൂട്ടി പാര്‍ലറിന് പുറമേ മറ്റ് പല ബന്ധങ്ങളും ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം എന്‍.ഐ.ടി പരിസരത്തും ജോളിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും.
പൊലീസ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയടക്കമുള്ള രേഖകളില്‍ എന്‍.ഐ.ടി പരിസരം പരാമര്‍ശിക്കുന്നുണ്ട്. എന്‍ഐടി പരിസരത്ത് ജോളിയ്ക്കുണ്ടായിരുന്ന ബന്ധങ്ങള്‍ മനസിലാക്കാന്‍ അവിടെ തെളിവെടുപ്പ് അനിവാര്യമാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു കഴിഞ്ഞു. എന്‍.ഐ.ടി അധ്യാപികയെന്ന വ്യാജേനെ വീട്ടുകാരെയും സുഹൃത്തുക്കളെയും തെറ്റിദ്ധരിപ്പിച്ച് എല്ലാം ദിവസവും രാവിലെ ജോളി വീട്ടില്‍ നിന്നും പുറപ്പെട്ടിരുന്നതായി ആദ്യമേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ കാലയളിവിലൊന്നും ജോളി അവിടെ ജോലി ചെയ്തിരുന്നില്ല. എന്‍ഐടിക്ക് സമീപമുള്ള ബ്യൂട്ടി പാര്‍ലറുമായി ജോളിക്ക് ബന്ധമുണ്ടെന്നും പിന്നീട് കണ്ടെത്തി. ഇതിന് പുറമേയുള്ള ചില ഇടപാടുകളെ കുറിച്ചാണ് അന്വേഷണ സംഘത്തിന് ഇപ്പോള്‍ വിവരം ലഭിച്ചിരിക്കുന്നത്. സ്ഥിരമായി എന്‍.ഐ.ടി ക്യാമ്പസിനുള്ളിലും ജോളി എത്തിയിരുന്നു. കാന്റീനടക്കമുള്ള സ്ഥലങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു ജോളിയെന്ന് നിരവധി ജീവനക്കാരുടെ മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാനായി വ്യാജ ഔസ്യത്തും അനുബന്ധ രേഖകളും നിര്‍മിച്ചതും എന്‍ഐടിക്ക് സമീപമുള്ള ചിലസ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണെന്നാണ് വിവരം. ഇതിനു പുറമേ ഇവിടങ്ങളില്‍ ജോളിക്കുണ്ടായിരുന്ന ബന്ധങ്ങളും പരിശോധിക്കും. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ഇതിലെല്ലാം കൂടുതല്‍ വ്യക്തത വരുത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.