Health India Kerala

കേരളത്തിൽ പിടിമുറുക്കിയ JN.1; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേരളത്തിൽ കൊവിഡ് പിടിമുറുക്കിയിരിക്കുകയാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ 1492 കൊവിഡ് കേസുകളിൽ 1324 കേസുകളും കേരളത്തിലാണ് എന്നാണ് കണക്കുകൾ. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളിൽ 298 കേസുകളും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം മാത്രം 9 പേരാണ് കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിൽ കൂടി ഗർഭിണികളും പ്രായമായവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

വില്ലനായി JN.1

നിലവിൽ പടർന്ന് പിടിക്കുന്നത് ഒമിക്രോൺ BA.2.86 അഥവാ പൈറോളയുടെ ഉപവകഭേദമായ JN.1 ആണ്. 2023 സെപ്റ്റംബറിൽ യുഎസിലാണ് ആദ്യമായി JN.1 റിപ്പോർട്ട് ചെയ്തത്. യുഎസ്, യുകെ, ഐസ്ലാൻഡ്, സ്‌പെയിൻ, പോർച്ചുഗൽ, നെതർലൻഡ്‌സ്, ഇന്ത്യ ഉൾപ്പെടെ 38 രാജ്യങ്ങളിൽ JN.1 സ്ഥിരീകരിച്ചിട്ടുണ്ട്.

JN.1 വകഭേദത്തിന് വ്യാപന ശേഷി കൂടുതലും, രോഗപ്രതിരോധ ശേഷിയെ തകിടം മറിക്കാനുള്ള പ്രാപ്തി അധികവുമാണെന്ന് നാഷ്ണൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് കോ-ചെയർമാൻ പറയുന്നു. അതുകൊണ്ട് തന്നെ ഒരിക്കൽ കൊവിഡ് വന്നവർക്കും, വാക്‌സിനെടുത്തവർക്കും ഇവ ബാധിക്കാം.

കേരളത്തിൽ തിരുവനന്തപുരത്താണ് JN.1 വകഭേദം സ്ഥിരീകരിച്ചത്. 79 വയസുകാരിയെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് JN.1 സ്ഥിരീകരിക്കുന്നത്. നവംബർ 18ന് ആർടി-പിസിആർ പോസിറ്റീവ് ആവുകയും ഡിസംബർ 8ന് JN.1 ഉപവകഭേദമാണെന്ന് തിരിച്ചറിയുകയും ചെയ്തു.

രോഗലക്ഷണങ്ങൾ

പനി, മൂക്കൊലിപ്പ്, തൊണ്ടയിൽ കരകരപ്പ്, തലവേദന എന്നിവയാണ് JN.1 വകഭേദത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ചിലരിൽ ഉദര പ്രശ്‌നങ്ങളും കാണപ്പെടുന്നുണ്ട്. മറ്റു ചിലർക്ക് ശ്വാസ തടസം, രുചിയും മണവും നഷ്ടപ്പെടുക പോലുള്ള ലക്ഷണങ്ങളും കണ്ടുവരുന്നു.

സാധാരണ ജലദോഷപ്പിനയുടേതിന് സമാനമാണ് JN.1ന്റെ ലക്ഷണങ്ങളും. ചിലരിൽ കൂടിയ തീവ്രതയിലും ചിലരിൽ കുറഞ്ഞ തീവ്രതയിലും കാണപ്പെടുന്നുവെന്ന് ഡൽഹി ഗംഗാറാം ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഇൻ ചെസ്റ്റ് മെഡിസിൻ ഡോ. ഉജ്വൽ പ്രകാശ് പറയുന്നു. ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ മാസ്‌ക് ധരിക്കണമെന്ന് ഡോ. ഉജ്വൽ പ്രകാശ് പറയുന്നു. രോഗലക്ഷണങ്ങൾ മാറുന്നില്ലെങ്കിൽ സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

JN.1 നെ ഭയക്കേണ്ടതുണ്ടോ ?

JN.1 വകഭേദത്തെ ഭയക്കേണ്ടതില്ലെന്നാണ് ഷാലിമാർ ബാഗ് ഫോർട്ടിസ് ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ.പവൻ കുമാർ ഗോയൽ പറയുന്നത്. പക്ഷേ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. JN.1 ന്റെ വ്യാപന ശേഷിയെ കുറിച്ചും വാക്‌സിൻ ഫലപ്രാപ്തിയെ കുറിച്ചുമെല്ലാം പഠനങ്ങൾ പുരോഗമിക്കുകയാണ്. JN.1 ന്റെ കരുത്തിനെ കുറിച്ചുള്ള പൂർണ ചിത്രം ലഭിക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കുക മുഖ്യമാണെന്ന് അദ്ദേഹം പറയുന്നു.

പ്രതിരോധം

ആൾക്കൂട്ടങ്ങളിൽ പോകുമ്പോൾ മാസ്‌ക് ധരിക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഒപ്പം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചോ, ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയായി സൂക്ഷിക്കണം. സാമൂഹിക അകലം പാലിക്കുന്നതും രോഗവ്യാപനം തടയാൻ സഹായിക്കും.

ഇന്ത്യയിലെ സ്ഥിതി

പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 4 കോടി 50 ലക്ഷത്തി, മൂവായിരത്തി എണ്ണൂറ്റി മുപ്പതായി. 4,44,69,336 പേരാണ് രോഗമുക്തരായത്. രാജ്യത്തെ രോഗ മുക്തി നിരക്ക് 98.81% ആണ്. മരണനിരക്ക് 1.19 % വും. നിലവിലെ മരണസംഖ്യ കൂടി കൂട്ടിയാൽ ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,33,309 ആണ്.