സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ കേരള ടീമില്‍ 13 പേര് പുതുമുഖങ്ങളാണ്. തൃശൂര്‍ സ്വദേശി മിഡ് ഫീല്‍ഡര്‍ ജിജോ ജോസഫ് കേരളത്തെ നയിക്കും. വി മിഥുനും അജ്മലുമാണ് ഗോള്‍ കീപ്പര്‍മാര്‍.
ജിജോ ജോസഫ്, വി. മിഥുന്, അജ്മല്‍, സഞ്ജു, സോയല്‍ ജോഷി, ബിപിന്‍ അജയന്, മുഹമ്മദ് സഹീഫ്, അജയ് അലക്സ്, സല്മാന് കള്ളിയത്ത്, അര്ജുന് ജയരാജ്, അഖില്‍, ഷിഖില്‍, ഫസലുറഹ്മാന്, നൗഫല്‍, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റാഷിദ്, എം. വിഘ്നേഷ്, ടി.കെ. ജെസിന്, മുഹമ്മദ് സഫ്നാദ്, മുഹമ്മദ് ബാസിത് എന്നിവരാണ് ടീമിലുള്ളത്. ബിനോ ജോര്‍ജ് ആണ് ടീം കോച്ച്.
കേരളത്തിന്റെ ആദ്യ മത്സരം ഏപ്രില്‍ 16ന് രാത്രി എട്ടിന് രാജസ്ഥാനുമായി നടക്കും. എ ഗ്രൂപ്പില്‍ കേരളത്തിനൊപ്പം രാജസ്ഥാന്, പഞ്ചാബ്, പശ്ചിമ ബംഗാള്‍, മേഘാലയ ടീമുകളാണുള്ളത്. ഗ്രൂപ്പ് ബിയില്‍ ഗുജറാത്ത്, കര്‍ണാടകം, ഒഡിഷ, സര്‍വീസസ്, മണിപ്പുര്‍ ടീമുകളും. ഇരു ഗ്രൂപ്പുകളില്‍നിന്ന് ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകള്‍ സെമിയിലെത്തും. മെയ് രണ്ടിന് രാത്രി എട്ടിനാണ് ഫൈനല്‍. ഏപ്രില്‍ 28നും 29നും രാത്രി എട്ടിന് സെമിഫൈനല്‍ നടക്കും.
മഞ്ചേരി പയ്യനാട് സ്റ്റേഡിയവും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയവുമാണ് വേദി. കേരളത്തിന്റെ കളികളെല്ലാം രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ്. കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ അവസാനഘട്ട പരിശീലനത്തിലാണ് കേരള ടീം.