India Kerala

ജസ്ന തിരോധാന കേസ്; അന്വേഷണം സാമൂഹ്യ വിരുദ്ധ സംഘങ്ങളിലേക്ക്

പത്തനംതിട്ട ജസ്ന തിരോധാന കേസിന്റെ അന്വേഷണം ക്രിമിനല്‍ സംഘങ്ങളിലേക്ക്. പെണ്‍കുട്ടി സാമൂഹ്യ വിരുദ്ധരുടെ കയ്യില്‍ അകപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. ക്രിമിനല്‍ സംഘങ്ങളുടെ പട്ടിക ക്രൈം ബ്രാഞ്ച് തയ്യാറാക്കും. കസ്റ്റഡിക്കായി അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടും .

എരുമേലി വരെ എത്തിയ ജസ്നയുടെ പിന്നീടുള്ള യാത്ര സംബന്ധിച്ച് വ്യക്തത വരാത്ത സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം മറ്റൊരു തലത്തിലേക്ക് നീക്കുന്നത്. എരുമേലിയില്‍ എത്തിയ ദിവസം തന്നെ ജസ്ന അപകടത്തില്‍പ്പെട്ടിട്ടുണ്ടാകുമെന്നാണ് നിഗമനം. സാമൂഹിക വിരുദ്ധ സംഘങ്ങളെയാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. എരുമേലി ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് നില്‍ക്കുന്നവര്‍, മുണ്ടക്കയം, കുട്ടിക്കാനം തുടങ്ങിയ മേഖലകളിലുള്ളവര്‍, എരുമേലി പുഞ്ചവയല്‍ വഴി മുണ്ടക്കയം മേഖല എന്നിവിടങ്ങളിലെല്ലാം സംശയിക്കുന്നവരുടെ പട്ടിക ക്രൈം ബ്രാഞ്ച് തയ്യാറാക്കും. ജസ്നയെ കാണാതായ മാര്‍ച്ച് 22 മുതലുള്ള ഇവരുടെ നീക്കം പരിശോധിക്കും. മൊബൈല്‍ ഫോണ്‍ ടവര്‍ വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിക്കും.

കസ്റ്റഡി കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാത്തതിനാല്‍ ഉന്നത തലത്തില്‍ അനുമതി തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. അതേസമയം മുണ്ടക്കയത്ത് ലഭിച്ച സിസി ടിവി ദൃശ്യത്തിലുള്ള പെണ്‍കുട്ടി ആരെന്ന് കണ്ടെത്താനുളള ശ്രമം തുടരുകയാണ്. പെണ്‍കുട്ടിയുടെ ശരീരഭാഷ പരിശോധിക്കുമ്പോള്‍ ജസ്നയാകാന്‍ ഇടയില്ലെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം. എന്നാല്‍ ഇത് ആരെന്നറിയാനും ഇതുവരെ സാധിച്ചിട്ടില്ല. ജസ്ന ജീവനോടെ ഉണ്ടാകാന്‍ ഇടയില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍.