Kerala

സ്ത്രീത്വത്തിനോടുള്ള അപമാനം, ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകും; ജെ.ചിഞ്ചു റാണി

കൊല്ലം ആയൂര്‍ നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനികളെ കൊണ്ട് അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ജെ.ചിഞ്ചു റാണി. ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകും. സ്ത്രീത്വത്തിനോടുള്ള അപമാനമാണ് ഉണ്ടായത്. സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്ന് മന്ത്രി പ്രതികരിച്ചു.

അതിനിടെ പരീക്ഷാ ഏജൻസിക്കെതിരെ പരാതി നൽകിയ വിദ്യാർത്ഥിനിയുടെ പിതാവ് രംഗത്തുവന്നു. ഏജൻസിയുടെ പ്രതിനിധിയായി വന്ന സ്ത്രീയാണ് വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയത്. മാനസിക സമ്മർദ്ദത്താൽ കുട്ടിക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. നൂറ് കണക്കിന് കുട്ടികൾക്ക് സമാന അനുഭവം ഉണ്ടായി. മാനസികാഘാത്തിൽ നിന്ന് കുട്ടി ഇനിയും മോചിതയായിട്ടില്ലെന്ന് പിതാവ് പറഞ്ഞു.

അതേസമയം സംഭവത്തില്‍ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. നാഷണല്‍ ടെറ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷയില്‍ അവര്‍ക്ക് മാത്രമാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ശൂരനാട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് കോളജിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. അടിവസ്ത്രം മാറ്റിച്ചതിന് ശേഷം ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തിയാണ് പരീക്ഷയെഴുതിച്ചത്. മാനദണ്ഡപ്രകാരമാണ് നീറ്റ് പരീക്ഷ നടന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പ്രവേശന കേന്ദ്രത്തില്‍ വച്ച് വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥികളെ നടപടി മാനസികമായി തളര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.