Kerala

ഡ്യൂട്ടി സമയത്ത് മാധ്യമങ്ങളോട് സംസാരിച്ചെന്ന് കാണിച്ച് പൊലീസുകാരന് സസ്‌പെന്‍ഷന്‍;

കളമശേരി പൊലീസ് സ്റ്റേഷനിൽ ടീ വൈൻഡിങ് മെഷീൻ സ്ഥാപിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി.എസ്. രഘുവിന് സസ്പെൻഷൻ. അനുമതി ഇല്ലാതെ ഡ്യൂട്ടി സമയത്ത് മാധ്യമങ്ങളോട് സംസാരിച്ചതിനാണ് നടപടി. സ്പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ട്‌ വന്നതിന് പിന്നാലെ കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയാണ് നടപടിയെടുത്തത്..

കഴിഞ്ഞ മാസം പതിനെട്ടാം തീയതിയായിരുന്നു കളമശേരി പൊലീസ് സ്റ്റേഷനില്‍ ടീ വൈന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചത്. പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് ചായയും ബിസ്‍കറ്റും നല്‍കുക എന്നത് ലക്ഷ്യം വെച്ചാണ് രഘുവും സഹപ്രവര്‍ത്തകരും സ്വന്തം കയ്യില്‍ നിന്ന് പൈസയെടുത്ത് ടീ വൈന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചത്. അന്ന് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമുഖം നല്‍കിയെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ രഘുവിന് സസ്പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്. കൂടെയുള്ള മറ്റൊരു ഉദ്യോഗസ്ഥനും സസ്പെന്‍ഷനിലായിട്ടുണ്ട്.

ഔദ്യോഗിക ഡ്യൂട്ടിക്കിടെ മാധ്യമങ്ങളുമായി കാര്യങ്ങള്‍ പങ്കുവെച്ചതിനാണ് നടപടി. മേലുദ്യോഗസ്ഥരുടെ അനുമതി വാങ്ങാതെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത് എന്ന് പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. ഇത് ലംഘിച്ചെന്ന് കാണിച്ചാണ് സസ്‍പെന്‍ഷന്‍