Kerala

കേരളത്തിൽ നിന്ന് ഐ.എസിൽ ചേരാനായി രാജ്യം വിട്ടവരെന്നു സംശയിക്കുന്നവർ കീഴടങ്ങിയതായി റിപ്പോർട്ട്

കേരളത്തിൽ നിന്ന് ഐ.എസില്‍ ചേരാനായി രാജ്യം വിട്ടവരെന്നു സംശയിക്കുന്നവർ അഫ്ഗാന്‍ സേനക്ക് കീഴടങ്ങിയതായി റിപ്പോർട്ട് . കാസർകോട്, എറണാകുളം ജില്ലയിൽ നിന്നുള്ള പത്ത് പേരുള്‍പ്പെടെ 900 പേരാണ് കീഴടങ്ങിയത്.

അഫ്ഗാന്‍ സുരക്ഷാ സേന ഐ.എസിന്റെ ശക്തി കേന്ദ്രമായ നാങ്കർഹാറിൽ നടത്തിയ പരിശോധനയിൽ പാകിസ്ഥാൻ സ്വദേശികളുള്‍പ്പെടെ 900 പേര്‍ കീഴടങ്ങിയതായാണ് റിപ്പോർട്ട്. ഇതിൽ കേരളത്തിൽ നിന്ന് ഐ.എസിലേക്ക് പോയവരെന്നു സംശയിക്കുന്ന 10 പേർ കീഴടങ്ങിയതായും റിപ്പോർട്ടില്‍ പറയുന്നു . കാസർകോട് എറണാകുളം ജില്ലയിൽ നിന്നുള്ള യുവതികളുൾപ്പടെയുള്ളവർ ഈ സംഘത്തിലുള്ളതുമായാണ് സൂചനയുള്ളത്. 2016ലാണ് ഇവർ തെഹ്റാൻ വഴി അനധികൃതമായി അഫ്‌ഗാനിലെത്തിയത്. അഞ്ച് സ്ത്രീകളും രണ്ടു കുട്ടികളുമുള്‍പ്പെടെ 21 പേരാണ് 2016 മെയ് 25 മുതല്‍ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ ശ്രീലങ്കയിലേക്ക് ബിസിനസ് ആവശ്യാര്‍ഥം പോകുന്നുവെന്ന് പറഞ്ഞ് വീട് വിട്ടത്.

ഇതിൽ ഏതാനും പേർ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായും എൻ.ഐ.എ സ്ഥിരീകരിച്ചിരുന്നു .ഐഎസിലേക്ക് ചേക്കേറിയ കാസർകോട് പടന്ന സ്വദേശികളായ മുർഷിദ് മുഹമ്മദ് ,ഹഫീസുദ്ധീൻ, മുഹമ്മദ് മനസാദ് ,കെ.പി ഷിഹാസ് ,ഷിഹാസിന്റ ഭാര്യ അജ്മല, തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ്‌ മർവാൻ,പാലക്കാട് സ്വദേശി യഹിയ എന്നീ മലയാളികൾ കൊല്ലപ്പെട്ടതായി എൻ.ഐ.എ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പിടിയിലായവരിൽ നിന്നും കൊല്ലപ്പെട്ടവരുടെ മരണം സംബന്ധിച്ചു കൂടുതൽ വിവരം ലഭിച്ചേക്കും.