Kerala

മദ്യവിതരണ ആപ്പിന്‍റെ ടെണ്ടര്‍ നടപടികളില്‍ അട്ടിമറി; ഫെയര്‍കോര്‍ഡ് കമ്പനിക്ക് കരാര്‍ നല്‍കിയത് ടെക്നിക്കല്‍ ബിഡില്‍ ഒന്നാമതെത്തിയ കമ്പനിയെ ഒഴിവാക്കി

ഉയര്‍ന്ന തുക ആവശ്യപ്പെട്ടുവെന്ന കാരണം പറഞ്ഞാണ് ഒന്നാമതെത്തിയ സ്മാര്‍ട് ഇ3 എന്ന കമ്പനിയെ ഒഴിവാക്കിയത്

മദ്യവില്‍പനക്കുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കാനുള്ളടെന്‍ഡര്‍ നടപടികളില്‍ അട്ടിമറി. ടെക്നിക്കല്‍ ബിഡില്‍ ഒന്നാമതെത്തിയ സ്മാര്‍ട് ഇ3 എന്ന കമ്പനിയെ ഒഴിവാക്കിയാണ് ഫെയര്‍കോഡിന് കരാര്‍ നല്‍കിയത്. ഫിനാന്‍ഷ്യല്‍ ബിഡിലെ സൂത്രപ്പണിയിലൂടെയാണ് ഇത് സാധിച്ചതെന്ന് ടെന്‍ഡര്‍ രേഖകളില്‍ നിന്ന് വ്യക്തമാവുന്നു. പ്രവര്‍ത്തന സജ്ജമായ ആപ്പുള്ളവര്‍ അപേക്ഷിച്ചാല്‍ മതിയെന്ന വ്യവസ്ഥയും അട്ടിമറിച്ചു.

ആപ്പിനായുള്ള ടെന്‍ഡറില്‍ സാങ്കേതിക മാനദണ്ഡങ്ങള്‍ പ്രകാരം ഒന്നാമതെത്തിയത് സ്മാര്‍ട് ഇ3എന്ന കമ്പനി. പ്രതിഫലമായി കന്പനി ആവശ്യപ്പെട്ടത് ടോക്കണൊന്നിന് 20 പൈസ. ആപ്പ്, ആമസോണ്‍ ക്ലൌഡ് സെര്‍വര്‍ വാടക, എസ്എംഎസ് ഉള്‍പ്പെടെയുള്ള നിരക്കാണിത്. എന്നാല്‍ ഫെയര്‍ കോഡിന്റെ ക്വട്ടേഷനില്‍ ആപ്പിന് 2.84 ലക്ഷം രൂപ. എസ് എം എസിന് 15 പൈസ വീതം. ആമസോണ്‍ ക്ലൌഡിന്റെ വാടകയെക്കുറിച്ച് മിണ്ടുന്നില്ല. ബെവ്കോയാകട്ടെ ടെന്‍ഡര്‍ ക്ഷണിക്കുമ്പോള്‍ സെര്‍വര്‍ വാടക തങ്ങള്‍ വഹിക്കുമെന്ന് എവിടെയും പറയുന്നുമില്ല.

ബാറുകാരില്‍ നിന്ന് 50 പൈസ വെച്ച് ഈടാക്കുന്നത് വിവാദമായപ്പോഴാണ് സെര്‍വര്‍ വാടക കൂടി നല്‍കാനാണ് ടോക്കണ്‍ ചാര്‍ജെന്ന് ബെവ്കോ വിശദീകരിച്ചത്. അവരുടെ തന്നെ കണക്കില്‍ പ്രതിമാസം 10 ലക്ഷം രൂപ വരെയാണ് വാടക. വര്‍ഷം 1 കോടി 20 ലക്ഷം. എസ്.എം. എസ് ചാര്‍ജ് കൂടി ചേര്‍ക്കുമ്പോള്‍ രണ്ടര കോടിക്ക് മുകളില്‍ ആകെ ചെലവാകും. എന്നാല്‍ സ്മാര്‍ട് ഇ3ക്ക് 1.85 കോടി. സെര്‍വര്‍ വാടക ഒഴിവാക്കി ടെന്‍ഡര്‍ സമര്‍പ്പിച്ചത് കൊണ്ട് മാത്രമാണ് ഫെയര്‍കോഡിന് കുറഞ്ഞ തുക നല്‍കാനായത് എന്ന് വ്യക്തം.

രാഷ്ട്രീയമല്ല, കുറഞ്ഞ തുക ക്വാട്ട് ചെയ്തത് കൊണ്ടാണ് ഫെയര്‍കോഡിന് കരാര്‍ നല്‍കിയതെന്ന എക്സൈസ് വകുപ്പിന്റെ വാദത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് ടെന്‍ഡര്‍ നടപടികള്‍. സാങ്കേതികതയുടെയും പ്രവര്‍ത്തനപരിചയത്തിന്റെയും നിലവാരക്കുറവ് ആപ്പിന്റെ രണ്ട് ദിവസത്തെ പ്രവര്‍ത്തനാനുഭവം തുറന്നുകാട്ടുകയും ചെയ്യുന്നു.