പെരുമാതുറയില്‍ പതിനേഴുവയസുകാരന്‍ ഇര്‍ഫാന്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിന്റെ വധഭീഷണി സന്ദേശം പുറത്ത.് ഇര്‍ഫാന് അഞ്ച് മാസം മുന്‍പ് വാട്ട്‌സ്ആപ്പിലൂടെ സുഹൃത്ത് വധഭീഷണി സന്ദേശം അയച്ചെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ വിവരങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതായി വിവരമുണ്ട്. ഇര്‍ഫാനുമായുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് ഭീഷണിയെന്ന് പൊലീസ് പറയുന്നു.
അഹങ്കാരത്തിന് മറുപടി നല്‍കുമെന്നും കൈയില്‍ കിട്ടിയാല്‍ ഉപദ്രവിക്കുമെന്നും വധിക്കുമെന്നുമാണ് ഓഡിയോ സന്ദേശം. ഇര്‍ഫാന്‍ കുട്ടിയാണെന്നും കാണാമെന്നും സുഹൃത്ത് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഓഡിയോ സന്ദേശം പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്.
ഇര്‍ഫാന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഇത് വരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വിട്ടയച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇര്‍ഫാന്‍ ലഹരി മരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. പൊലീസ് അന്വേഷണം ഇഴയുന്നുവെന്നാണ് ഇര്‍ഫാന്റെ കുടുംബത്തിന്റെ ആരോപണം. നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുന്നില്ലെന്നും ഇര്‍ഫാന്റെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്.
ഇര്‍ഫാന്റെ മരണകാരണം മസ്തിഷ്‌ക രക്തസ്രാവമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ച്ചയായ ലഹരി ഉപയോഗമോ, അമിത ഉപയോഗമോ ആകാം രക്തസ്രാവത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇര്‍ഫാന്റെ ആന്തരിക അവയവങ്ങള്‍ രാസ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.