India Kerala

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ള മലയാളിയുടെ മോചനം വൈകുന്നതില്‍ ആശങ്ക

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ള കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്റെ മോചനം വൈകുന്നതില്‍ ആശങ്കയുണ്ടെന്ന് പിതാവ്. മകന്‍ എല്ലാ ദിവസവും ഫോണില്‍ സംസാരിക്കാറുണ്ട്, എന്നാല്‍ മോചനം നീണ്ടുപോകുന്നതില്‍ കുടുംബത്തിന് വലിയ ആശങ്കയുണ്ടെന്ന് പിതാവ് പാപ്പച്ചന്‍ പറഞ്ഞു.

ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മകനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചത് മുതല്‍ മകന്റെ മോചനത്തിനായി പ്രാര്‍ഥനയോടെ കഴിയുകയാണ് കളമശ്ശേരി സ്വദേശി പാപ്പച്ചനും കുടുംബവും. കപ്പലിലെ വിവരങ്ങളും മറ്റും അറിയുന്നുണ്ടെങ്കിലും മകനെ എന്ന് നേരില്‍ കാണാനാവുമെന്ന ആശങ്ക ഇവര്‍ക്കുണ്ട്. ഡിജോ എല്ലാ ദിവസവും ഫോണ്‍ വഴി വീട്ടുകാരുമായി സംസാരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ കുടിവെള്ളം ലഭിക്കുന്നതില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഉള്ളതായി ഡിജോ പറഞ്ഞെന്ന് പിതാവ് പാപ്പച്ചന്‍ പറയുന്നു. വരും ദിവസങ്ങളില്‍ തന്നെ മകന്റെ മോചനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും ഡിജോയുടെ പിതാവ് പറഞ്ഞു.