Kerala

മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്നങ്ങൾ മറനീക്കി പുറത്ത്

കെ.എസ് ഹംസയ്‌ക്കെതിരായ നടപടിയോടെ മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്നങ്ങൾ മറനീക്കി പുറത്ത്. പി.കെ കുഞ്ഞാലിക്കുട്ടി വിഭാഗവും മറുപക്ഷവും സമൂഹമാധ്യമങ്ങളിൽ പോര് തുടരുകയാണ്. അടുത്തമാസം നടക്കാനിരിക്കുന്ന ഭാരവാഹി തെരഞ്ഞെടുപ്പോടെ പാർട്ടിയിലെ കലഹം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.

മുസ്ലീം ലീഗ് പ്രവർത്തകസമിതി യോഗത്തിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടിക്കെതിരെ ഉണ്ടായത് സംഘടിത ആക്രമണമാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തിലെ കെ.എസ് ഹംസയാണ് രൂക്ഷ വിമർശനം നടത്തിയത്. സംസ്ഥാന സർക്കാരിനെതിരായ യുഡിഎഫ് സമരത്തെ കുഞ്ഞാലിക്കുട്ടി അവഗണിക്കുന്നു എന്ന് ഹംസ പറഞ്ഞു. ലോക്സഭാ അംഗത്വം രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ച കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെയും വിമർശനമുന്നയിച്ചിരുന്നു.

ലീഗിന് ഡൽഹിയിൽ അഖിലേന്ത്യ ഓഫീസ് തുടങ്ങാൻ നേരത്തെ തീരുമാനിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിക്കായിരുന്നു അതിൻറെ ചുമതല. എന്നാൽ മൂന്ന് കെട്ടിടം കണ്ടെത്തിയിട്ടും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി എന്ന് മറ്റൊരു നേതാവ് യോഗത്തിൽ തുറന്നടിച്ചു. ചന്ദ്രികയുടെ കാര്യത്തിൽ നേതാക്കൾ താൽപര്യം കാണിക്കാത്തതും ചിലർ വിമർശിച്ചു. കുറ്റപ്പെടുത്തൽ കടുത്തപ്പോഴും സംസ്ഥാന പ്രസിഡന്റ് രക്ഷയ്‌ക്കെത്തിയില്ലെന്ന പരാതി കുഞ്ഞാലിക്കുട്ടിക്കുണ്ട്.

അതോടെയാണ് അദ്ദേഹം രാജഭീഷണി മുഴക്കിയത് എന്നാണ് വിവരം. രാജഭീഷണി മുഴക്കി എന്നത് അടിസ്ഥാനരഹിതമാണെന്ന് കുഞ്ഞാലിക്കുട്ടി വിഭാഗം പറയുന്നു. പാണക്കാട് തങ്ങൾമാരുടെ സാന്നിധ്യത്തിൽ ഇത്ര കടുത്ത ആരോപണങ്ങൾ ലീഗിൽ പതിവില്ലാത്തതാണ്. അടുത്തമാസം നടക്കാനിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പാർട്ടിയിൽ രൂക്ഷമായ ഉൾപ്പോര് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.