പരസ്യപ്രചാരണത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കേ മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. യു.ഡി.എഫിന്റെ ആത്മ വിശ്വാസത്തെ മറികടക്കുന്ന പ്രചാരണവുമായി ഇടതു മുന്നണി മത്സരം കനത്തതാക്കി. ഇരു മുന്നണികളും വിജയം അവകാശപ്പെടുന്ന പോരാട്ടമാണ് മാവേലിക്കരയിൽ. നില മെച്ചപ്പെടുത്താനാണ് എൻ.ഡി.എ ശ്രമം.
കഴിഞ്ഞ രണ്ട് തവണയായി മണ്ഡലം നിലനിര്‍ത്തുന്ന യു.ഡി.എഫ് ഇക്കുറിയും വിജയ പ്രതീക്ഷയിലാണ് തുടങ്ങിയത്. എന്നാൽ പ്രചാരണത്തിലെ ചിട്ടയായ പ്രവർത്തനം കൊണ്ട് ഇടതു മുന്നണി മത്സരം തീ പാറുന്നതാക്കി. സിറ്റിംഗ് എം.എൽ.എ ചിറ്റയം ഗോപകുമാറിനെ ഇറക്കിയതും. ബാലകൃഷ്ണ പിള്ളയുടെ ഇടതു പ്രവേശനത്തിലുമാണ് എൽ.ഡി.എഫിന് ഇക്കുറി പ്രതീക്ഷ.
സിറ്റിംഗ് എം.പി കൊടിക്കുന്നിൽ സുരേഷിന്റെ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയും സ്ഥാനാർഥിയുടെ സ്വീകാര്യതയിലുമാണ് യു.ഡി.എഫ് പ്രതീക്ഷ വയ്ക്കുന്നത്. ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിൽ ന്യൂനപക്ഷ വോട്ടിലും യു.ഡി.എഫ് കണ്ണു വയ്ക്കുന്നു.
എൺപതിനായിരത്തോളം വോട്ട് കഴിഞ്ഞ തവണ നേടിയ എൻ.ഡി.എ ഇത്തവണ നില മെച്ചപ്പെടുത്തുമെന്നാണ് അവകാശ വാദം. എന്നാൽ പ്രതീക്ഷിച്ച പ്രചാരണം നടക്കാത്തത് വിനയാകുമെന്നാണ് എൻ.ഡി.എ ക്കുള്ളിലെ വർത്തമാനം. ഇത് യു.ഡി.എഫിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നുമുണ്ട്.