Kerala

ടി20 ലോകകപ്പ്: ഇന്ത്യ-പാക്ക് പോർവഴിയിലൂടെ ഒരു തിരഞ്ഞു നോട്ടം

ടി20 ലോകകപ്പിലെ ഇന്ത്യ-പാക്ക് മെഗാ പോരാട്ടത്തിന് ഇനി 48 മണിക്കൂർ മാത്രം. ഒക്ടോബർ 23 ഞായറാഴ്ച ഉച്ചയ്ക്ക് 1.30 നാണ് ഈ ക്ലാസിക് പോര്. ഇക്കുറി ടൂര്‍ണമെന്‍റിലെ ചിരവൈരികളുടെ ആദ്യ പോരാട്ടത്തിന് മുമ്പ് ഇരു ടീമുകൾക്കും മുൻ താരങ്ങൾ ഉപദേശങ്ങൾ നൽകി കഴിഞ്ഞു. മഴ ഭീഷണി ഉണ്ടായിരുന്നിട്ടും മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ എല്ലാ പങ്കാളികളും ബ്ലോക്ക്ബസ്റ്റർ ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ്.

ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ടി20 ഐ ടീമായാണ് ഇന്ത്യ ടൂർണമെന്റിൽ എത്തിയിരിക്കുന്നത്. പാകിസ്താൻ മൂന്നാം സ്ഥാനത്തും. ടി20 ക്രിക്കറ്റിൽ അയൽക്കാരേക്കാൾ 8-3ന്റെ മുൻതൂക്കം ടീം ഇന്ത്യയ്ക്കുണ്ട്. ഈയിടെയായി മൾട്ടിനാഷൻ ടൂർണമെന്റുകളിൽ മാത്രമാണ് ഇരുരാജ്യങ്ങളും ഏറ്റുമുട്ടുന്നത്. ചിരവൈരികൾ തമ്മിലുള്ള അവസാന മൂന്ന് ഏറ്റുമുട്ടലുകളിൽ രണ്ടെണ്ണം പാകിസ്താൻ വിജയിച്ചു എന്നതും ശ്രദ്ധേയമാണ്. ഈ ലോകകപ്പിൽ ഒരിക്കൽ കൂടി ഇരുവരും നേർക്കുനേർ എത്തും മുമ്പ് ആ പോർവഴിയിലൂടെ ഒന്ന് തിരഞ്ഞു നടക്കാം.

2007 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലാണ് ആദ്യമായി ഇന്ത്യ-പാക്ക് ടി20 ഏറ്റുമുട്ടൽ നടന്നത്. മത്സരത്തിൽ റോബിൻ ഉത്തപ്പയുടെ അർധസെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ മിസ്ബാ ഉൾ ഹഖ് അർധസെഞ്ചുറി നേടി പാകിസ്താനെ ലക്ഷ്യത്തിനടുത്തെത്തിച്ചു. എന്നാൽ അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ സമർത്ഥമായി പന്തെറിഞ്ഞതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ഫോർമാറ്റിന്റെ ആദ്യ നാളുകളിൽ സമനിലയെ തുടർന്ന് വിജയികളെ തീരുമാനിക്കാൻ ഉപയോഗിച്ചിരുന്ന ‘ബൗൾ-ഔട്ട്’ വഴി ഇന്ത്യയെ അന്തിമ വിജയികളായി പ്രഖ്യാപിച്ചു.

ധോണിയും കൂട്ടരും ഒന്നിച്ചപ്പോൾ നേടിയ കന്നി ലോകകപ്പ് (2007 ജോഹന്നാസ്ബർഗ്)

2007ലെ ലോകകപ്പ് ഫൈനലിൽ ഇന്ത്യയും പാക്സിതാനും ഒരിക്കൽ കൂടി പരസ്പരം ഏറ്റുമുട്ടി. ഗൗതം ഗംഭീർ നേടിയ 75 റൺസ് ഇന്ത്യയെ 157/5 എന്ന നിലയിലെത്താൻ സഹായിച്ചു. ഓപ്പണർ ഇമ്രാൻ നസീറിലൂടെ വെടിക്കെട്ടോടെയാണ് പാക്ക് മറുപടി ബാറ്റിംഗ് ആരംഭിച്ചത്. വെറും 14 പന്തിൽ നിന്ന് 33 റൺസ് അദ്ദേഹം അടിച്ചു കൂട്ടി. എന്നാൽ കൃത്യമായ ഇടവേളകളിൽ പാക്കിസ്ഥാന് വിക്കറ്റുകൾ നഷ്ടമായത് അവരെ സമ്മർദത്തിലാഴ്ത്തി. മിസ്ബ അവസാന ഓവറുകളിൽ പൊരുതി ജയത്തിനരികെ വരെ എത്തി. പാകിസ്താന് വിജയിക്കാൻ വേണ്ടിയിരുന്നത് ആറ് പന്തിൽ നിന്ന് 13 റൺസ്. ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് അകലെ കന്നി ലോകകപ്പ് കിരീടം. ജോഗീന്ദർ ശർമ്മയുടെ മൂന്നാം പന്ത് ഷോർട്ട് ഫൈൻ ലെഗിലേക്ക് ഉയർത്തി അടിച്ച് സിക്സിറിന് ശ്രമിച്ച മിസ്ബയെ ശ്രീശാന്ത് ക്യാച്ചെടുത്തു. പിന്നീട് പിറന്നത് ചരിത്രം.

കോലി ബാലാജി മാജിക് (2012 കൊളംബോ)

2012 ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടി. ലക്ഷ്മിപതി ബാലാജിയുടെ മിന്നും പ്രകടനത്തോടെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 128 റൺസിന് ഇന്ത്യ എറിഞ്ഞിട്ടു. അന്ന് വെറും 22 റൺസ് വഴങ്ങി 3 വിക്കറ്റുകൾ അദ്ദേഹം നേടി. വിരാട് കോലി 61 പന്തിൽ പുറത്താകാതെ 75 റൺസ് നേടിയപ്പോൾ ഏകപക്ഷീയമായ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റും മൂന്ന് ഓവറും ശേഷിക്കെ ടീം വിജയിച്ചു.

പാകിസ്താന്റെ ആദ്യ ജയം (2012 ബെംഗളൂരു)

ലോകകപ്പ് തോൽവിക്ക് മാസങ്ങൾക്ക് ശേഷം, മൂന്ന് മത്സരങ്ങളുടെ ഏകദിന, ടി20 പരമ്പരകൾക്കായി പാകിസ്താൻ ഇന്ത്യയിൽ എത്തി. ഇരുപക്ഷവും തമ്മിലുള്ള അവസാന ഉഭയകക്ഷി പരമ്പര കൂടിയായിരുന്നു ഇത്. ഓപ്പണർമാരായ ഗംഭീറും അജിങ്ക്യ രഹാനെയും നൽകിയ മികച്ച തുടക്കത്തിന് ശേഷം, ഇന്ത്യൻ വിക്കറ്റുകൾ അതിവേഗം വീഴാൻ തുടങ്ങി. ഉമർ ഗുലിന്റെ മൂന്ന് വിക്കറ്റ് (3/21) സ്പെൽ ആതിഥേയരെ 133/9 എന്ന നിലയിൽ ഒതുക്കി. മുഹമ്മദ് ഹഫീസിന്റെയും (61) ഷൊയ്ബ് മാലിക്കിന്റെയും (പുറത്താകാതെ 57) അർധസെഞ്ചുറികളുടെ കരുത്തിൽ ഇന്ത്യൻ മണ്ണിൽ ടീമിനെ അഞ്ച് വിക്കറ്റിന് തോൽപിച്ച പാകിസ്താൻ എതിരാളികൾക്കെതിരായ ആദ്യ ടി20 വിജയത്തിനായുള്ള കാത്തിരിപ്പിന് വിരാമമിട്ടു.

ഇന്ത്യയുടെ പ്രതികാരം (2012 അഹമ്മദാബാദ്)

ആദ്യ ടി20യിലെ തോൽവിക്ക് ശേഷം, ഇന്ത്യ അഹമ്മദാബാദിലേക്ക് യാത്രതിരിച്ചു. യുവരാജ് സിംഗ് വെറും 36 പന്തിൽ 72 റൺസെടുത്ത് ആതിഥേയരെ 192/5 എന്ന കൂറ്റൻ സ്‌കോറിലെത്തിച്ചു. ഓപ്പണർ നസീർ ജംഷീദ് 41 റൺസും ഹഫീസ് 26 പന്തിൽ 55 റൺസും നേടി ഇന്ത്യയെ വിറപ്പിച്ചു. എന്നാൽ ഹഫീസിനെ പുറത്താക്കി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വന്നു. പാക്ക് പോരാട്ടം 11 റൺസ് അകലെ വീണു.

ആദ്യ ടി20 ഏഷ്യാ കപ്പ് വിജയം (മിർപൂർ 2016)

ബംഗ്ലാദേശിൽ നടന്ന കന്നി ടി20 ഏഷ്യാ കപ്പിൽ ടൂർണമെന്റിലെ നാലാം മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടി. ഹാർദിക് പാണ്ഡ്യയുടെയും (3/8), രവീന്ദ്ര ജഡേജയുടെയും (2/11) മിന്നും പ്രകടനം പാകിസ്താനെ 83 റൺസിന് ഒതുക്കി. തുടക്കത്തിലെ ചില തിരിച്ചടികൾക്ക് ശേഷം വിരാട് കോലി 51 പന്തിൽ 49 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇതോടെ കോണ്ടിനെന്റൽ ഇവന്റിന്റെ ടി20 പതിപ്പിൽ പാകിസ്താനെതിരായ ആദ്യ വിജയം സ്വന്തമാക്കി.

കോലിയുടെ ആറാട്ട് (കൊൽക്കത്ത 2016)

ഏഷ്യാ കപ്പ് വിജയിച്ച് ഒരു മാസത്തിന് ശേഷം കൊൽക്കത്തയിൽ നടന്ന ലോകകപ്പ് സൂപ്പർ 10 മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിട്ടു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ വെറും 118/5 എന്ന നിലയിൽ ഇന്ത്യൻ ഒതുക്കി. രണ്ട് ഓപ്പണർമാരെയും വളരെ നേരത്തെ തന്നെ നഷ്ടമായതിനാൽ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചില്ല. എന്നാൽ ഫോമിലുള്ള കോലി 37 പന്തിൽ പുറത്താകാതെ 55 റൺസ് നേടി ആറ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

ഇന്ത്യയുടെ വൻ തോൽവി (ദുബായ് 2021)

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ടി20 ലോകകപ്പ് ഗ്രൂപ്പ് ഓപ്പണറിൽ ഇന്ത്യ പാകിസ്താനെ നേരിട്ടു. ഷഹീൻ അഫ്രീദിയുടെ മിന്നും പ്രകടനത്തിൽ രോഹിത് ശർമ്മയെയും കെ.എൽ രാഹുലിനെയും നേരത്തെ തന്നെ ഇന്ത്യക്ക് നഷ്ടമായി. ക്യാപ്റ്റൻ കോലിയുടെ ഫിഫ്റ്റിയും ഋഷഭ് പന്തിന്റെ വിലപ്പെട്ട 39 റൺസും ഇന്ത്യൻ സ്‌കോർ 151ൽ എത്തിച്ചു. എന്നാൽ പാകിസ്താൻ ഓപ്പണർമാരായ ബാബർ അസമും മുഹമ്മദ് റിസ്വാനും യഥാക്രമം 68, 79 റൺസ് നേടി പുറത്താകാതെ 10 വിക്കറ്റ് ജയം നേടി.

ഹാർദിക്കിന്റെ ഓൾ റൗണ്ട് ഷോ (ദുബായ് 2022)

കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ഏഷ്യാ കപ്പിന്റെ രണ്ടാം ടി20 പതിപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുതിയ ക്യാപ്റ്റൻ രോഹിതിന്റെ കീഴിലുള്ള ഇന്ത്യ പാകിസ്താനുമായി കൊമ്പുകോർത്തിരുന്നു. ഭുവനേശ്വർ കുമാറിന്റെയും (4/26) ഹാർദിക് പാണ്ഡ്യയുടെയും (3/25) പ്രകടനം പാക്ക് ഇന്നിംഗ്‌സ് 147 റൺസിന് ഒതുക്കി. 17 പന്തിൽ പുറത്താകാതെ 33 റൺസ് നേടി ഹാർദിക് ഫിനിഷറുടെ റോൾ മിന്നിച്ചപ്പോൾ പാകിസ്താനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.