ദേശീയപാത 766 പൂർണ്ണമായി അടച്ചിടാനുള്ള നീക്കത്തിനെതിരെ വയനാട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. കോൺഗ്രസ് നേതാവ് വി.എം സുധീരൻ ബി.ജെ.പി അധ്യക്ഷൻ അഡ്വക്കേറ്റ് പി. എസ് ശ്രീധരൻ പിള്ള തുടങ്ങിയവർ ഇന്ന് സമരപ്പന്തലിലെത്തും. രാഹുൽ ഗാന്ധി എം.പി നാളെയാണെത്തുക.
ദേശീയപാത 766 ന് പകരം ബദൽ പാതയുടെ സാധ്യത തേടിയ സുപ്രിം കോടതിയെ തങ്ങളുടെ ആശങ്ക അറിയിക്കാനായുള്ള വയനാടൻ ജനതയുടെ സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു.ഈ മാസം 14ന് കേസ് വീണ്ടും പരിഗണനക്ക് വരുമ്പോൾ കേന്ദ്രത്തില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവുമെന്നാണ് സമരസമിതിയുടെ പ്രതീക്ഷ.
കഴിഞ്ഞ ദിവസങ്ങളിൽ കൂറ്റൻ വിദ്യാർഥി റാലിയും കൂട്ട ഉപവാസവും ആയിരുന്നു യുവജന സമിതി നേതാക്കളുടെ നിരാഹാര സമരവേദിയിൽ നടന്നത്. സമരത്തിന് പിന്തുണയുമായി ഇന്ന് കൂടുതൽ നേതാക്കൾ സമരപ്പന്തലിൽ എത്തും. മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍,ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി. എസ് ശ്രീധരന്‍ പിളള എന്നിവരാണ് ഇന്നെത്തുക . വയനാട് എം.പി രാഹുല്‍ ഗാന്ധി നാളെ കാലത്ത് 9 മണി മുതൽ 45 മിനുട്ട് നേരം ഉപവാസ സമരക്കാർക്കൊപ്പം ചെലവഴിക്കും.
എട്ടു ദിവസത്തിനകം എൺപതിനായിരത്തിലധികം പേരാണ് ജനകീയ സമരത്തിന് ഐക്യദാർഢ്യമറിയിച്ച് സമരപ്പന്തലിൽ എത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുളളവർ കഴിഞ്ഞ ദിവസവും പിന്തുണയുമായെത്തിയിരുന്നു. ആദിവാസി മേഖലകളിൽ നിന്നും അതിർത്തി ഗ്രാമങ്ങളിൽ നിന്നും ഗ്രാമീണർ സമരത്തിന് പിന്തുണ അറിയിച്ച് വരുന്നുണ്ട്.