India Kerala

പിഎസ്‌സി പരീക്ഷയ്ക്കിടെ ആൾമാറാട്ടം; പരീക്ഷയെഴുതാൻ വന്നത് അമൽജിത്തിന്റെ സഹോദരൻ; കേസിൽ വഴിത്തിരിവ്

പിഎസ്‌സി പരീക്ഷയ്ക്കിടെ ആൾമാറാട്ടശ്രമം നടത്തിയ കേസിൽ വഴിത്തിരിവ്. മുഖ്യപ്രതിയായ അമൽജിത്തിന് വേണ്ടി ആൾമാറാട്ടം നടത്തിയത് സഹോദരൻ അഖിൽ ജിത്താണെന്നാണ് പൊലീസിന്റെ സംശയം. നേമം സ്വദേശികളായ രണ്ടുപേരും ഒളിവിലാണ്. അമൽജിത്ത് തന്നെയാണ് പരീക്ഷയെഴുതാനെത്തിയതെന്നും വയറു വേദനയായതിനാലാണ് പരീക്ഷാഹാളിൽ നിന്ന് പുറത്തു പോയതെന്നുമാണ് വീട്ടുകാർ പൊലീസിനോട് പറയുന്നത്.

ബുധനാഴ്ചയാണ് പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂളിൽ പി.എസ്.സി പരീക്ഷയ്ക്കിടെ ആൾമാറാട്ടശ്രമം നടന്നത്. രാവിലെ 7.45 മുതൽ ആരംഭിച്ച യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് പരീക്ഷയ്ക്കിടെയാണ് ഉദ്യോഗാർത്ഥി പരീക്ഷാ ഹാളിൽ നിന്ന് ഓടിപ്പോയത്. ആൾമാറാട്ടം നടത്തിയ ആൾ രക്ഷപ്പെട്ട ബൈക്കിനെ പിന്തുടർന്നും അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ ബൈക്കിൽ രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ വ്യക്തമല്ല.

പൂജപ്പുരയിൽ നിന്ന് തിരുമല ഭാഗത്തേയ്ക്കാണ് രക്ഷപ്പെട്ടത്. അമൽജിത്താണ് ബൈക്കിൽ കാത്തുനിന്നതെന്നാണ്‌ പൊലീസ് കരുതുന്നത്. ഈ ഭാഗത്തെ കൂടുതൽ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്. പാങ്ങോട് സൈനികകേന്ദ്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിക്കുമെന്ന്‌ പൊലീസ് അറിയിച്ചു. ഇവർ തമിഴ്നാട്ടിലേക്ക് കടന്നെന്ന നിഗമനത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്. പൂജപ്പുര സി ഐയുടെ നേതൃത്വത്തിൽ ഷാഡോ ടീം ഉൾപ്പടെ അന്വേഷണത്തിനുണ്ട്.