Kerala

തെരുവ് നായ ആക്രമണങ്ങളെ നിസാരവത്ക്കരിക്കരുത്; ആശങ്ക പ്രകടിപ്പിച്ച് ഐഎംഎ

സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന തെരുവ് നായ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വാക്‌സിനേഷന്റെ അവസാന ഘട്ടം പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ച രീതി ശരിയല്ലെന്ന് ഉള്‍പ്പെടെയാണ് ഐഎംഎയുടെ വിമര്‍ശനം. വിഷയത്തെ നിസാരവത്കരിക്കാതെ നായ്ക്കളുടെ വന്ധ്യംകരണത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഐഎംഎ മുന്‍ പ്രസിഡന്റ് പിസി സക്കറിയ പറഞ്ഞു.

കഴിഞ്ഞ ദിവസം തെരുവ് നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 12കാരി അഭിരാമി മൂന്ന് വാക്‌സിനും എടുത്തിരുന്നു എന്നിട്ടും മരണം സംഭവിച്ചു. ഇതോടെയാണ് പേവിഷബാധക്കെതിരെയുള്ള വാക്‌സിന്‍ ഒരു ചോദ്യ ചിഹ്നമായി മാറിയത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഐഎംഎയുടെ വിമര്‍ശനങ്ങള്‍. ലോകരോഗ്യ സംഘടന നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരമുള്ള വന്ധ്യംകരണ പ്രക്രിയ സംസ്ഥാനത്ത് എവിടേയം നടക്കുന്നില്ലെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കുറ്റപ്പെടുത്തി.

വാക്‌സിനെ കുറിച്ച് പഠിക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ദ്ധ സമിതി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. അതിന് ശേഷം മാത്രമേ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനാകൂ.