India Kerala

ആര്‍.ടി.ഐ രേഖക്ക് അമിത ഫീസ്; വിവരാവകാശ കമ്മീഷന്‍റെ ഇടപെടല്‍

ആര്‍.ടി.ഐ രേഖക്ക് മറുപടി ലഭിക്കാന്‍ അമിത ഫീസ് ഈടാക്കിയ സംഭവത്തില്‍ വിവരാവകാശ കമ്മീഷന്‍റെ ഇടപെടല്‍. ഫീസ് അപേക്ഷകന് തിരിച്ചു നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പാലക്കാട് സ്വദേശി എ.കാജ ഹുസൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സ്പെഷ്യല്‍ മേരേജ് ആക്ട് പ്രകാരം പാലക്കാട് ജില്ലയില്‍ നടന്ന വിവാഹങ്ങളുടെ വിശദാംശങ്ങളാണ് കാജ ഹുസൈന്‍ ചോദിച്ചത്. എ4 ഷീറ്റിന് രണ്ട് രൂപ മാത്രമെ വാങ്ങാവൂ എന്നിരിക്കെ പല രജിസ്ട്രേഷന്‍ ഓഫീസുകളും അമിത തുക ഈടാക്കി.

രേഖകള്‍ തിരയുന്നതിന് 800 രൂപയും വിവാഹ സര്‍ട്ടിഫിക്കറ്റിന് 100 രൂപയും ഈടാക്കിയെന്നും ഇത് നിയമ വിരുദ്ധമാണെന്നും കമ്മീഷന്‍ കണ്ടെത്തി. തൊണ്ണൂറായിരം രൂപയാണ് വിവരാവകാശ മറുപടിക്കായി കാജ ഹുസൈന് ചെലവായത്. അമിതമായി ഈടാക്കിയ പണം ഉത്തരവ് ലഭിച്ച് 25 ദിവസത്തിനകം തിരികെ നല്‍കണമെന്ന് സംസ്ഥാന വിവരവകാശ കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു.