Kerala

ഇടുക്കി കരിമണ്ണൂരിൽ ജനവാസ മേഖലയിൽ പാറമട തുടങ്ങാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ

ഇടുക്കി കരിമണ്ണൂരിൽ ജനവാസ മേഖലയിൽ പാറമട തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. പറമട തുടങ്ങിയാൽ പ്രദേശത്തെ 250 കുടുംബങ്ങളെയാണ് ബാധിക്കുക. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്തെ കുടിവെള്ള സ്രോതസ്സടക്കം ഇല്ലാതാക്കുന്ന ഖനനത്തിന് പഞ്ചായത്തും സർക്കാരും അനുമതി നൽകരുതെന്നാണ് ആവശ്യം.

കരിമണ്ണൂർ പഞ്ചായത്തിലെ ചേറാടി ചിലവുമലയിലെ 15 ഏക്കർ സ്ഥലത്താണ് പാറമട തുടങ്ങാനുള്ള നീക്കം. ജിയോളജി വകുപ്പിന്റെ അംഗീകാരവും ലഭിച്ചു. റവന്യുവകുപ്പടക്കം വ്യാജരേഖയുണ്ടാക്കി ഖനന ലോബിയെ സഹായിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം

തൊടുപുഴയിലെ ആറുപഞ്ചായത്തുകളിലേക്ക് പോകുന്ന കുടിവെള്ളസംഭരണി. മുലമറ്റത്തുനിന്നുള്ള 220 കെവി വൈദ്യൂതി ലൈൻ. ഇതിന് താഴെയായി തുടങ്ങാൻ പോകുന്ന പാറമട ഒരു മനുഷ്യനിർമ്മിത ദുരന്തമായി മാറും എന്നാണ് നാട്ടുകാർ പറയുന്നത്.

ഏകജാലക സംവിധാനംവഴിയുള്ള അപേക്ഷയായതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇടപെടാൻ പരിമിതിയുണ്ടെന്നാണ് കരിമണ്ണൂർ പഞ്ചാത്തിന്റെ വിശദീകരണം. പക്ഷെ ജനങ്ങളുടെ എതിർപ്പ് സർക്കാരിനെ അറിയിക്കാൻ പഞ്ചായത്തിന് സാധിക്കും. അതിനുള്ള നീക്കങ്ങൾ തുടങ്ങിയെന്നും പഞ്ചായത്ത് വിശദീകരിച്ചു. പാറമട തുടങ്ങരുതെന്ന് ആവശ്യപ്പെട്ട മാസ് പെറ്റീഷനുമായി നാട്ടുകാർ മുഖ്യമന്ത്രിയെ സമീപിച്ചു കഴിഞ്ഞു.