ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു. ഡാമിലേക്കെത്തുന്ന ജലത്തിന്റെ അളവ് കുറഞ്ഞതോടെയാണ് ഷട്ടറുകൾ അടച്ചത്. രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് താഴ്ത്തിയത്. മൂന്നാമത്തെ ഷട്ടർ 40 സെന്റി മീറ്റർ ആയി ഉയർത്തും. പുറത്തേക്ക് ഒഴുകുന്ന ജലം സെക്കന്റിൽ 40,000 ലിറ്റർ ആയി കുറക്കാനാണ് തീരുമാനം.
മഴ കുറഞ്ഞ സാഹചര്യത്തിലാണ് ഇടുക്കി ഡാമിലെ ഷട്ടറുകളടച്ചത്. മഴ കൂടിയാൽ ഷട്ടർ വീണ്ടും തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൽ അറിയിച്ചു. ഇടമലയാർ അണക്കെട്ടിന്റെ ഷട്ടറുകളും അടച്ചു.
അതേസമയം സംസ്ഥാനത്ത് നിലവിൽ മഴ കുറഞ്ഞെങ്കിലും അലർട്ടുകളിൽ മാറ്റമില്ല. തമിഴ്‌നാടിന്റെ തെക്കന്‍ തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ പ്രഭാവത്തില്‍ മലയോര മേഖലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച മലയോര പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണണെന്നാണ് നിര്‍ദേശം.