പരമ്പരാഗത വിവാഹ സങ്കല്പങ്ങളെ ചോദ്യം ചെയ്യുന്ന മ്യൂസിക്കൽ നറേറ്റിവ് ഷോർട്ട് ഫിലിം ‘ഐഡൻ്റിറ്റി’ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. സംവിധായകൻ അമൽ നീരദിൻ്റെ അസിസ്റ്റൻ്റായി പ്രവർത്തിച്ചിട്ടുള്ള ഷാരോൺ പിഎസ് ആണ് ചിത്രം അണിയിച്ചൊരുക്കിയത്. സ്ത്രീധനത്തിനെതിരായ നിലപാടിനൊപ്പം വ്യത്യസ്തമായ മേക്കിംഗും ഹ്രസ്വചിത്രത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.
അടുത്തകാലയത്തായി സ്ത്രീധന, ഗാർഹിക പീഡന വിഷയവുമായി ബന്ധപ്പെട്ട വാർത്തകൾ ഒരുപാട് വരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു ഹ്രസ്വചിത്രം ചെയ്യാൻ തീരുമാനിച്ചതെന്ന് ഷാരോൺ ട്വൻ്റിഫോറിനോട് പ്രതികരിച്ചു. മുൻപും ഒരുപാട് ഹ്രസ്വചിത്രങ്ങൾ ഈ വിഷയത്തിൽ വന്നിട്ടുണ്ട്. അതുകൊണ്ട് എന്തെങ്കിലും വ്യത്യസ്തതയ്ക്കായാണ് വ്യത്യസ്തമായ മേക്കിംഗ് പരീക്ഷിച്ചത് എന്നും ഷാരോൺ പറഞ്ഞു.
തൻ്റെ ഇഷ്ടപ്രകാരമല്ലാതെ, പരമ്പരാഗത രീതിയിൽ വിവാഹം ഉറപ്പിക്കപ്പെടുന്ന ഒരു യുവതിയുടെ കാഴ്ചപ്പാടാണ് ‘ഐഡൻ്റിറ്റി’ പറയുന്നത്. ഈ യുവതിയുടെ വിവരണങ്ങളിൽ നിന്നാണ് കാര്യങ്ങൾ പ്രേക്ഷകർക്ക് മനസിലാവുന്നത്. മക്കളെ വിവാഹം കഴിച്ചുവിട്ടാൽ തനിക്ക് സമാധാനത്തോടെ ഉറങ്ങാമെന്ന് കരുതുന്ന മാതാപിതാക്കളും അതിനായി സ്ത്രീധനം നൽകുകയും കടം വാങ്ങി വലിയ ചെലവിൽ വിവാഹം നടത്തുന്നതുമൊക്കെ ഹ്രസ്വചിത്രം പറഞ്ഞുപോകുന്നുട്രീറ്റ്മെൻ്റിലെ ഫ്രഷ്നസ് ‘ഐഡൻ്റിറ്റിയെ’ ശ്രദ്ധേയമാക്കുന്നുണ്ട്.
അഭിനവ് ആണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഷ്ബിൻ അംബ്രോസ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. എഡിറ്റിങ്ങ് മനു മധു. അമൃതേഷ് വിജയൻ്റേതാണ് സംഗീതം, പിന്നണി ഗായിക അഭയ ഹിരൺമയി ഐഡൻ്റിറ്റിയിൽ ഒരു ഗാനം ആലപിച്ചിട്ടണ്ട്. ലൂക്കയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.