India Kerala

ഹയർ സെക്കൻഡറി വിദ്യാർഥികളുടെ മാർക്ക് മോഡറേഷൻ നാല് മാസത്തിനകം നിര്‍ത്തലാക്കണമെന്ന് കോടതി

ഹയർ സെക്കൻഡറി വിദ്യാർഥികളുടെ മാർക്ക് മോഡറേഷൻ നാല് മാസത്തിനകം നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാനാണ് കോടതി ഉത്തരവ്.കേരള സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് 40 ശതമാനം മോഡറേഷന്‍ നല്കുന്നത് മറ്റ് സിലബസുകളിലുളള വിദ്യാര്‍ഥികളോടുള്ള വിവേചനമാണെന്ന ഹരജിയിലാണ് കോടതി ഉത്തരവ്.

കേരള സിലബസില്‍ പഠിക്കുന്ന ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പഠനത്തോടനുബന്ധിച്ചുള്ള പ്രവർത്തികളുടെ പേരിൽ 40 ശതമാനം മാർക്ക് അധികമായി നൽകുന്നത് മറ്റു സിലബസുകളിലെ വിദ്യാർഥികളോടുള്ള വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. സി.ബി.എസ്.ഇ, ഐ.എസ്.സി തുടങ്ങിയ സിലബസുകളിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾ മാർക്കു ലഭിക്കാൻ എഴുത്തു പരീക്ഷയെ മാത്രം ആശ്രയിക്കുമ്പോൾ പരീക്ഷക്ക് മുന്‍പെ തന്നെ 40 ശതമാനം മാർക്ക് ലഭിക്കുന്ന കേരള സിലബസിലെ പ്ലസ് ടു വിദ്യാർഥികൾ 60 ശതമാനം മാർക്കിനു വേണ്ടിയാണ് പരീക്ഷയെഴുതുന്നത്.

മോഡറേഷന്‍ മൂലം പ്രൊഫഷണൽ കോളജ് പ്രവേശനത്തിനുള്‍പ്പെടെ മറ്റ് സിലബസുകളിലുള്ളവരിൽ അർഹതയുള്ളവരെയും മറി കടന്ന് കേരള സിലബസിലുള്ളവർക്ക് കൂടുതലായി പ്രവേശനം ലഭിക്കുന്നുണ്ട് . ഇതു പരിഹരിക്കാനാണ് 2017 ൽ കേന്ദ്ര സർക്കാർ സെക്രട്ടറിമാരുടെ യോഗം വിളിച്ചു തീരുമാനങ്ങളെടുത്തത്. ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് മോഡറേഷൻ നൽകുന്നതു നിർത്താൻ മറ്റു സംസ്ഥാനങ്ങൾ തീരുമാനിച്ചെങ്കിലും 2018 മുതൽ മോഡറേഷൻ ഒഴിവാക്കുമെന്നാണ് കേരളം അറിയിച്ചത്. തീരുമാനങ്ങൾ പാലിക്കാൻ കേരള സർക്കാർ തയ്യാറായിട്ടില്ലെന്നായിരുന്നു ഹരജിയിലെ ആക്ഷേപം. മോഡറേഷനും ഗ്രേസ് മാർക്കും അവസാനിപ്പിക്കണമെന്ന കാര്യത്തിലെ തീരുമാനങ്ങൾ നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയാണ് നാലു മാസത്തിനകം തീരുമാനങ്ങൾ നടപ്പാക്കാൻ കോടതി നിർദേശിച്ചത്.