Kerala

സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണം; മുഖ്യമന്ത്രിക്കെതിരെ ഇ.ഡിയെ സമീപിക്കാന്‍ എച്ച്ആര്‍ഡിഎസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന സ്വകാര്യ എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെ സമീപിച്ചു. ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും മൊഴിരേഖപ്പെടുത്തണമെന്നാണ് ആവശ്യം. പതിനഞ്ച് ദിവസത്തിനകം മൊഴി രേഖപ്പെടുത്തിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് എച്ച്ആര്‍ഡിഎസ് അറിയിച്ചു.

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല വിജയന്‍, മകള്‍ വീണ എന്നിവരുടെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് ഡല്‍ഹി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ആസ്ഥാനത്ത് എത്തി പരാതി നല്‍കിയത്.

വി എസ് അച്യുതാനന്ദന്‍റെ മുൻ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാന്‍ അഭിഭാഷകനായി ഒപ്പമെത്തി. മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷും ശിവശങ്കറും സരിത്തും മൊഴിനല്‍കിയിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.

മുഖ്യമന്ത്രിയെ ഒഴിവാക്കുന്നത് നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണെന്ന ഭരണഘടന തത്വത്തിന് വിരുദ്ധമാണെന്നാണ് ആക്ഷേപം. പരാതിക്ക് പിന്നിൽ രാഷ്ട്രീയതാല്‍പര്യമില്ലെന്നും എച്ച്ആര്‍ഡിഎസ് വ്യക്തമാക്കി. ഇഡി മൊഴിയെടുക്കാന്‍ വൈകുന്നത് സംശയാസ്പദമാണെന്നും പ്രതിപക്ഷ പാർട്ടികൾ പോലും താല്പര്യം എടുക്കുന്നില്ലെന്നും അഭിഭാഷകന്‍ കെ.എം ഷാജഹാന്‍ ആരോപിച്ചു. കസ്റ്റംസിനും സിബിഐയ്ക്കും പരാതി നല്കാനും എച്ച്ആര്‍ഡിഎസിന് ആലോചനയുണ്ട്.